രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്രദൗത്യത്തിൽ ഭാഗമായി കോണത്തുകുന്ന് വജ്ര റബ്ബർ പ്രൊഡക്ടിന്റെ ഉത്പന്നവും. വിക്ഷേപണത്തിനുള്ള റോക്കറ്റിൽ ഘടിപ്പിക്കുന്ന ഫ്ലക്സ്് സീൽ ഉൽപ്പാദിപ്പിച്ചത് വജ്രയിലായിരുന്നു. 2008 ഒക്ടോബർ 22-ന് ചന്ദ്രയാൻ-1 വിക്ഷേപണം നടത്തുമ്പോഴും ബഹിരാകാശ വാഹനത്തിൽ വജ്രയുടെ ഉൽപന്നം ഉണ്ടായിരുന്നു.
1980 മുതലാണ് ഐഎസ്ആർഒയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ വജ്ര നൽകാൻ ആരംഭിക്കുന്നത്. 1990-ൽ വജ്രയിൽ നിന്ന് ആദ്യമായി 5,200 ത്രസ്സ് വെക്ടർ കൺട്രോൾ ഫ്ലക്സ് സീൽ നിർമ്മിച്ചു. പിന്നീട് 2004-ൽ ഐഎസ്ആർഒയുടെ ചന്ദ്രയാൻ-1 ദൗത്യത്തിന്റെ ഭാഗമായി. ഇതിന് ശേഷം 2013-ൽ രാജ്യത്തിന്റെ ആദ്യ ചൊവ്വ ദൗത്യമായ മംഗൾയാൻ മിഷന് വേണ്ടിയും 520 ഫ്ലക്സ് സീൽ വജ്രയിൽ നിർമ്മിച്ച് നൽകിയിരുന്നു.
2015-ൽ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കമ്പനി സന്ദർശിക്കുകയും ഇവിടുത്തെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തിരുന്നു. 2019-ൽ ചന്ദ്രയാൻ-2 ദൗത്യത്തിന്റെയും ഭാഗമായിരുന്നു. ചന്ദ്രയാൻ-2ന് വേണ്ടി വജ്രയിൽ നിന്ന് ഫ്ലക്സ് സീൽ നിർമ്മിച്ചു നൽകിയിരുന്നു. ബഹിരാകാശ മേഖലയ്ക്ക് പുറമേ ഇന്ത്യൻ കര-നാവിക-വ്യോമസേന വിഭാഗങ്ങൾക്ക് ഇവിടെ നിന്നും ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്നുണ്ട്. ഇതിന് പുറമേ വിദേശത്തേക്കും ഉപകരണങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഇവിടെ വിവിധ മേഖലകളിലായി ആയിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
Comments