കാസർകോട്: കടകളിലൊക്കെ സിസിടിവി വന്നതോടെ കള്ളന്മാർ പെട്ടുപോയിരിക്കുകയാണ്. ഉദുമയിലെ ഒരു പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ പോയ കള്ളന്മാർക്കും പണികൊടുത്തത് സിസിടിവിയാണ്. മുകളിലിരിക്കുന്ന വ്യക്തി എല്ലാം കാണുന്നുണ്ടെന്ന് മനസിലായതോടെ കള്ളന്മാർ അമ്പരന്നു. പിന്നെ ചമ്മലും അമ്പരപ്പും ഒഴിവാക്കാനുള്ള ശ്രമത്തിൽ വന്ന വഴി പുറത്തേക്ക്.
ഉദുമ എരോൽ സ്വദേശിയായ സുഹൈലിന്റെ പച്ചക്കറി കടയിലാണ് മോഷ്ടാക്കൾ എത്തിയത്. പണം തിരയുന്നതിനിടെ മുകളിലേയ്‌ക്ക് ടോർച്ചുയർത്തിയപ്പോഴാണ് സിസിടിവി എല്ലാം വ്യക്തമായി കാണുന്നുണ്ടെന്ന് ഇവർക്ക് മനസിലാവുന്നത്. അതോടെ ഇരുവരും മോഷണ ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞതിനാൽ കടയുടമയ്‌ക്ക് പണം നഷ്ടമായില്ല. അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കടയുടമ പോലീസിൽ പരാതിപെടുകയായിരുന്നു. മോഷണശ്രമം നടത്തിയവരിൽ ഒരാൾ സ്ഥിരം മോഷണക്കേസുകളിൽ പ്രതിയാണെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.















