ബെംഗളുരു: എൻഡിഎയിലേക്കുള്ള ക്ഷണം കാത്ത് ജെഡിഎസ്. നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ബിജെപി ക്ഷണിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സൂചന പാർട്ടി അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ നൽകിക്കഴിഞ്ഞു. ക്ഷണം ലഭിച്ചിട്ടില്ലെന്നും അത്തരത്തിൽ അറിയിപ്പ് ലഭിക്കുകയാണെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്ഡി ദേവഗൗഡ ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
എൻഡിഎയിൽ നിന്നും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ജെഡിഎസ് കർണാടക സംസ്ഥാന അദ്ധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി അറിയിച്ചു. പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ കക്ഷിയായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ തങ്ങളെ പരിഗണിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം.
നാളെ ഡൽഹിയിലാണ് പ്രതിപക്ഷ യോഗം. എഐഎഡിഎംകെ, ശിവസേന, എൻസിപി, ജനസേന പാർട്ടി, എൻപിപി, നാഷണലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടി, അപ്നാദൾ (യുപി), റിപബ്ലിക്കൻ പാർട്ടി(എ) എന്നിവയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ബീഹാറിൽ നിന്ന് ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി, രാഷ്‌ട്രീയ ലോക് സമതാ പാർട്ടിയുടെ ഉപേന്ദ്ര സിംഗ് കുശ്വാഹ, വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി എന്നിവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
യുപിയിൽ സമാജ് വാദി പാർട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ബറിന്റെ സുഹൽദേവ് ബിഎസ്പി എൻഡിഎയിൽ ചേരുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുളള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഓം പ്രകാശ് രാജ്ബർ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.















