തിരുവനന്തപുരം: കർക്കിടക വാവുദിനത്തിൽ തെക്കൻ കേരളത്തിൽ ഭക്തലക്ഷങ്ങൾ ബലിതർപ്പണം നടത്തി. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്തും, വർക്കല പാപനാശത്തും,ശിവഗിരിയിലും, അരുവിപ്പുറത്തും ഭക്തർ ബലി തർപ്പണം നടത്തി. കൊല്ലത്ത് തിരുമുല്ലവാരത്തും, പത്തനംതിട്ടയിൽ പമ്പാനദിക്കരയിലും ഭക്തജനലക്ഷങ്ങൾ പിതൃപുണ്യം തേടി.
പിതൃമോക്ഷം തേടി നിരവധി ഭക്തരാണ് ക്ഷേത്രങ്ങളിലേക്കും വിവിധ സ്‌നാനഘട്ടങ്ങളിലേക്കും ഒഴുകിയെത്തിയത്. ഇന്ന് കർക്കിടക വാവും, രാമായണ മാസാരംഭവും ഒത്തുചേർന്ന അസുലഭ മുഹൂർത്തമായിരുന്നു. ദക്ഷിണായനത്തിൽ കർക്കിടക മാസത്തിലെ കൃഷ്ണ-പക്ഷ-അമാവാസി പിതൃക്കളുടെ ദിവസമായാണ് സങ്കൽപ്പിക്കുന്നത് ഈ ദിവസത്തിൽ തർപ്പണം ചെയ്യുന്നതിലൂടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
കൊല്ലത്തും പത്തനംതിട്ടയിലും പിതൃതർപ്പണത്തിന് വൻ തിരക്ക് അനുഭവപ്പെട്ടു. കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലും ബലി തർപ്പണം നടന്നു.
പത്തനംതിട്ടയിൽ പമ്പയിലെത്തിയ ഭക്തർ ബലിത്തറയിൽ തർപ്പണം നടത്തിയ ശേഷമാണ് ദർശനത്തിനായി മല ചവിട്ടിയത്. ബലി തർപ്പണത്തിനെത്തുന്ന ഭക്തർക്ക് കുടിവെളള വിതരണവും, മെഡിക്കൽ ക്യാമ്പുകളുമായി സേവാഭാരതിയും ക്ഷേത്രസംരക്ഷണ സമിതിയും സജീവമായിരുന്നു.
Comments