പനാജി: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ജനങ്ങൾക്കുള്ള പരമാധികാരവും അധീശത്വവും ആണെന്ന് വിശ്വസിച്ചിരുന്ന നേതാവാണ് അദ്ദേഹമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളം കണ്ട മികച്ച ജനകീയ നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു ജീവിതത്തിന് തീരാ നഷ്ടമാണെന്നും ഗോവ ഗവർണർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പരയുന്നു.
സാമൂഹ്യപ്രതിബദ്ധതയിലൂന്നി ജനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്യുക വഴിയാണ് അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവും മുഖ്യമന്ത്രിയുമായിത്തീർന്നത്. അദ്ദേഹവുമായി എനിക്ക് ഏറെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്ന ബാംഗ്‌ളൂരിലെ ആശുപത്രിയിൽ സന്ദർശിക്കാമെന്ന് അദ്ദേഹത്തിന്റെ മകനോട് ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്തതിൽ ഏറെ ദുഃഖമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ തിരുവനന്തപുരത്ത് വെച്ച് എന്റെ പുസ്തകപ്രകാശനം നടത്തിയും പ്രതിപക്ഷ നേതാവായിരിക്കെ എന്റെ വസതിയിൽ നടന്ന വിവിധ ചടങ്ങുകളിൽ പങ്കെടുത്തും എന്നോട് കാട്ടിയ സ്‌നേഹം വിസ്മരിക്കാനാവില്ല.
ഒരു നല്ല പൊതുപ്രവർത്തകനാകാൻ ആഗ്രഹിക്കുന്ന ആർക്കും സാധനാപാഠമാകേണ്ട ഒട്ടേറെ ഗുണവിശേഷങ്ങൾ നൽകി മാതൃക കാണിച്ച ശേഷമാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു. അതേ സമയം വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്ന ഉമ്മൻചണ്ടിയുടെ സംസ്‌കാര ചടങ്ങിലും ശ്രീധരൻ പിള്ള പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പങ്കെടുക്കുന്നത്.
Comments