ഭാവി ചെലവുകൾക്കും ആവശ്യങ്ങൾക്കും തുക എങ്ങനെ സമ്പാദിക്കുമെന്നോർത്ത് ഇനി ഭയക്കേണ്ട. കുട്ടികൾക്കായി കരുതുന്ന അച്ഛനമ്മമാരാണ് നിങ്ങളെങ്കിൽ മികച്ച ഓപ്ഷനാണ് പിപിഎഫ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്കോ ഉറ്റവർക്കോ പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. നിയമം അനുസരിച്ച്, ഒരു ഇന്ത്യൻ പൗരന് ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് മാത്രമാണ് തുറക്കാൻ കഴിയുക. എന്നിരുന്നാലും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നല്ല ഭാവിയ്ക്കായി മാതാപിതാക്കൾക്കോ രക്ഷിതാവിനോ പിപിെഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉള്ള മികച്ച ഉറവിടമായി പിപിഎഫ് അക്കൗണ്ടിനെ കാണാവുന്നതാണ്.
നല്ല റിട്ടേണും ആനുകൂല്യവും നൽകുന്ന സേവിംഗ്സ് അക്കൗണ്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ തുറക്കാവുന്നതാണ്. മാതാപിതാക്കളുടെയും കുട്ടിയുടെയും വിശദാംശങ്ങൾ ഉൾപ്പെടെ കൃത്യമായി പൂരിപ്പിച്ച പിപിഎഫ് ഫോം സമർപ്പിക്കണം. തിരിച്ചറിയൽ രേഖയായി പാസ്പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവയും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതാണ്. രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോട്ടോ,പ്രായപൂർത്തിയാകാത്തയാളുടെ പ്രായം തെളിയ്ക്കുന്ന രേഖ എന്നിവയും കരുതേണ്ടതാണ്. പ്രാരംഭ നിക്ഷേപമായി കുറഞ്ഞത് 100 രൂപ നിക്ഷേപിക്കണം. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. പിപിഎഫിലേക്കുള്ള സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവ് ലഭ്യമാകും.
കുട്ടിയ്ക്ക് 18 വയസ് പൂർത്തിയാകുന്ന വേളയിൽ അക്കൗണ്ട് ക്ലോസ് ചെയ്യണമോ തുടരണമോയെന്ന് അവർക്ക് തീരുമാനിക്കാവുന്നതാണ്. പ്രായപൂർത്തിയാകുന്നതോടെ രക്ഷിതാവിന് പിപിഎഫ് അക്കൗണ്ട് കുട്ടിയുടെ പേരിലേക്ക് മാറ്റാവുന്നതാണ്. അക്കൗണ്ട് ആരംഭിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം പിപിഎഫിൽ നിന്ന് ഭാഗികമായി നിക്ഷേപം പിൻവലിക്കാവുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ആരംഭിച്ച അക്കൗണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് അതിനുള്ള അവസരം. അല്ലെങ്കിൽ ഗുരുതരമായ രോഗത്തിന് വൈദ്യചികിത്സ ആവശ്യമായി വരുമ്പോഴോ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം ആവശ്യമായി വരുമ്പോഴോ മാത്രമേ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയുകയുള്ളൂ.















