മുഖവരയുടെ ആവശ്യമില്ലാത്ത പച്ചക്കറിയാണ് കോവയ്‌ക്ക. എല്ലാവർക്കും പ്രിയമുള്ള കോവയ്‌ക്ക കഴിച്ച് ശീലിച്ചവരാണ് മലയാളികൾ. മഴയെന്നോ മഞ്ഞെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലത്തും വിളവ് തരുന്ന ഫലമായത് കൊണ്ട് തന്നെ വീട്ടമ്മമാർക്കും കർഷകർക്കും പ്രിയങ്കരനാണ് ഈ കുഞ്ഞൻ. വേവിച്ചും വേവിക്കാതെയും കോവയ്‌ക്ക അകത്താക്കാവുന്നതാണ്.
കാണാൻ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ അത്ര ചെറുതല്ല. രോഗങ്ങളെ തടഞ്ഞ് നിർത്തി ശരീരത്തിന് ആരോഗ്യം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോവയ്‌ക്ക ബെസ്റ്റാണ്. വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്‌ക്കും നല്ലതാണ് ഇത്. വയറിളക്കം മാറാനും കോവയ്‌ക്ക സഹായിക്കുന്നു. വൈറ്റമിൻ എ,ബി,സി എന്നിവയുടെ കേന്ദ്രമാണ് കോവയ്‌ക്ക. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള കോവയ്‌ക്ക ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഭക്ഷണത്തിൽ കോവയ്‌ക്ക ഉൾപ്പെടുത്തുക എന്നത്.
ത്വക്ക് രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും പ്രതിവിധിയായും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും കോവയ്‌ക്ക ഉത്തമമാണ്. കിഡ്‌നിസ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞ് പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന ഒന്നാണ് കോവയ്‌ക്ക. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനശേഷി വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാവുന്നതാണ്. ദിവസവും കോവയ്‌ക്ക ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം കുറയാൻ സാധ്യതയേറെയാണ്.
ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. പ്രമേഹ രോഗമുള്ളവർ ദിവസവും കുറഞ്ഞത് 100 ഗ്രാം കോവയ്‌ക്ക വീതം കഴിക്കുന്നത് പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. കോവയ്‌ക്ക ഉണക്കി പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്ത് ആഹാരത്തിന് ശേഷം കുടിക്കുന്നതും നല്ലതാണ്. കോവയ്‌ക്കയുടെ ഇലയും ഇത്തരത്തിൽ ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇല ഉണക്കി പൊടിച്ച് ചെറു ചൂടുവെള്ളത്തിൽ കലക്കി മൂന്ന് നേരം കുടിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളെയും തുരത്തുന്നു. വേരിലെ സത്തും ഈ രീതിയിൽ ഉപയോഗിക്കുന്നത് പ്രമേഹത്തിനെയും മറ്റ് രോഗങ്ങളെും തടയുന്നു. പ്രമേഹം വരുന്നത് തടയാനും കോവയ്‌ക്ക ശീലമാക്കുന്നത് മികച്ചതാണ്.
Comments