ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇനി ശ്രീലങ്കയിലും യാഥാർത്ഥ്യമാകുന്നു. അയൽരാജ്യമായ ദ്വീപ് രാഷ്ട്രത്തിൽ യുപിഐ ടെക്നോളജി നടപ്പിലാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും തമ്മിൽ ന്യൂഡൽഹിയിലെ ഹൈദാരാബാദ് ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സിംഗപ്പൂർ, ഫ്രാൻസ്, യുഎഇ എന്നീ രാജ്യങ്ങളിൽ യുപിഐ നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ശ്രീലങ്കയിലും ഇന്ത്യൻ ഡിജിറ്റൽ ഇടപാട് സംവിധാനം യാഥാർത്ഥ്യമാകുന്നത്.
രണ്ട് ദിവസത്തെ പര്യടത്തിനായി ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിഐ പണമിടപാടുകൾ സുഗമമായി നടത്തുന്നതിനായി ധാരണാ പത്രത്തിൽ ഒപ്പ് വച്ചിരുന്നു. അതുവഴി ഫ്രാൻസിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ രൂപയിൽ യുപിഐ വഴി പണമിടപാടുകൾ നടത്താവുന്നതാണ്. ഇതിന് പുറമെ യുഎഇയിൽ എത്തിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം ഉറപ്പുവരുത്താനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇതോടെ ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിർഹവും ഉപയോഗിക്കുന്നതിനും ധാരണയായി.















