മെക്‌ഡൊണാൾഡിന്റെ ചിക്കൻ നഗ്ഗറ്റ് വീണ് കാല് പൊള്ളിയ കുഞ്ഞിന് ആറ് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഫ്‌ളോറിഡയിലുള്ള എട്ട് വയസുകാരിക്കാണ് ഭീമമായ തുക നഷ്ടപരിഹാരമായി ലഭിക്കുക. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒലിവിയ കാറബല്ലോ എന്ന പെൺകുട്ടിക്ക് തന്റെ നാലാം വയസിലായിരുന്നു അപകടമുണ്ടായത്.
ഫ്‌ളോറിഡയിലെ ഫോർട്ട് ലൗഡർഡെയ്‌ലിന് സമീപം സ്ഥിതിചെയ്യുന്ന ടമറാക്കിൽ നിർത്തിയിട്ട കാറിനുള്ളിൽ വച്ചായിരുന്നു കുഞ്ഞ് ഭക്ഷണം കഴിച്ചത്. മെക്‌ഡൊണാൾഡിന്റെ ചിക്കൻ നഗ്ഗറ്റ് കഴിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു കഷ്ണം കാലിൽ വീഴുകയായിരുന്നു. സംഭവത്തിൽ മെക്‌ഡൊണാൾഡിൽ നിന്നും 15 മില്യൺ ഡോളറാണ് കുടുംബം ആവശ്യപ്പെട്ടത്. കുട്ടി അനുഭവിച്ച വേദനയും പ്രയാസങ്ങളും മാനസിക ആഘാതവും കണക്കിലെടുത്ത ഫ്‌ളോറിഡയിലെ ജൂറി അംഗങ്ങൾ 8 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ചിക്കൻ നഗ്ഗറ്റ് വീണ് കാല് പൊള്ളിയതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് കുഞ്ഞ് കിടന്ന് നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞതാണ് അനുകൂല വിധിക്ക് കാരണമായി വിലയിരുത്തുന്നത്. അതേസമയം കുഞ്ഞിന് പൊള്ളലേറ്റതിനെ തുടർന്നുണ്ടായ വേദനയും മറ്റ് പ്രയാസങ്ങളും മൂന്ന് ആഴ്ച മാത്രമാണുണ്ടായിരുന്നതെന്നും അതിന് ശേഷം മുറിവ് ഉണങ്ങിയതായും മെക്‌ഡൊണാൾഡ് കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ മുറിവ് സുഖപ്പെട്ടതിനാൽ 1,56,000 ഡോളർ തുക മാത്രമേ നഷ്ടപരിഹാരമായി കൊടുക്കേണ്ടതുള്ളൂവെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഇത് ജൂറി അംഗങ്ങൾ നിരസിക്കുകയായിരുന്നു.















