ചൊവ്വാ ഗ്രഹത്തിൽ ജീവന്റെ സാധ്യതകൾക്ക് ബലം പകരുന്ന കണ്ടെത്തലുമായി നാസ. നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറൻസാണ് നിർണായക വിവരം നൽകിയത്. ഒരുകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരിക്കാം എന്ന സാധ്യതയിലേക്കു വിരൽചൂണ്ടുന്ന കാർബണിക തന്മാത്രകളുടെ സാന്നിധ്യമാണ് ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയത്. നാസയുടെ റോവറിലുള്ള ഷെർലക്ക് എന്ന ഉപകരണമാണ് കണ്ടെത്തലിന് പിന്നിൽ. ജെസീറൊ ഗർത്തത്തിലാണ് കാർബണിക പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. മേഖലയിലെ പത്ത് സ്ഥലങ്ങളിൽ നിന്ന് ഇവ കണ്ടെത്തിയിട്ടുണ്ട്.
ഒരുകാലത്ത് വെള്ളത്താൽ മൂടപ്പെട്ടിരുന്നു എന്ന് കരുതപ്പെടുന്ന ഗർത്തമാണ് ജെസീറൊ. ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ചിട്ടുള്ള ഉൾക്കകളിലും മറ്റും നേരത്തെ കാർബണിക തന്മാത്രകൾ കണ്ടെത്തിയിട്ടുണ്ട്.
ഈ തന്മാത്രകൾ കണ്ടെത്തിയത് കൊണ്ടു മാത്രം ചൊവ്വയിൽ ജീവനുണ്ടായിരുന്നെന്നു പറയാനാവില്ലെന്നാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജലവും പൊടിപടലങ്ങളും തമ്മിലുള്ള പ്രവർത്തനം മൂലമോ ഉൾക്കകളിൽ നിന്നോ ആകാം ഈ പദാർഥങ്ങൾ ചൊവ്വയുടെ ഉപരിതലത്തിൽ എത്തിയിട്ടുണ്ടാകുക. അതിനാൽ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്. 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങിയത് മുതൽ കൂറ്റൻ ജെസീറോ ഗർത്തത്തിൽ ജൈവ സംയുക്തങ്ങളുടെ തെളിവുകൾ പെർസീവറെൻസ് റോവർ കണ്ടെത്തിയിരുന്നു. പ്രതീക്ഷകൾ കൂട്ടുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് റോവർ നടത്തുന്നത്.
കാർബണും ഹൈഡ്രജനും പ്രധാന ഘടകങ്ങളായ തന്മാത്രകളാണ് കാർബണിക തന്മാത്രകൾ. ഇവയ്‌ക്ക് പുറമെ ഓക്‌സിജൻ, നൈട്രജൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയ മറ്റ് മൂലകങ്ങൾ ചേർന്നാണ് കാർബണിക തന്മാത്രകൾ ഉണ്ടാകുന്നത്.
Comments