രാമായണ ശീലുകളാൽ മുഖരിതമാവുന്ന കർക്കിടക മാസത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ രാമായണം കൗതുകമാകുകയാണ്. തൃശൂർ പുറനാട്ടുകര സ്വദേശിയായ ആറ്റൂർ സന്തോഷ് കുമാർ ആണ് ലോകത്തിലെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് മില്ലീമീറ്റർ നീളവും വീതിയുമുള്ള കുഞ്ഞൻ രാമായണം ഇന്ന് വളരെയധികം ശ്രദ്ധേയമാവുകയാണ്.
24,000 ശ്ലോകങ്ങളുടെ സംഗ്രഹമാണ് ഈ കുഞ്ഞൻ രാമായണത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ലെൻസുപയോഗിച്ച് വായിക്കാവുന്ന ഈ ചെറു രാമായണം ഭക്തിക്കൊപ്പം കൗതുകവും പകരുന്നു. മലയാള ഭാഷയിലെ ‘അ’ മുതൽ ‘റ’ വരെയുള്ള 51 അക്ഷരങ്ങളിലൂടെയാണ് രാമായണത്തിന്റെ ആദ്യപേജുകൾ ആരംഭിക്കുന്നത്. ഒരു പേജിൽ മൂന്നു വാക്കുകൾ വീതം ഉൾപ്പെടുത്തി 201 പേജുകളിലായി അന്തസത്ത ചോരാതെയും കഥാപാത്രങ്ങളോടും സന്ദർഭങ്ങളോടും യോജിച്ച രീതിയിലുമാണ് സംക്ഷിപ്ത രൂപം തയ്യാറാക്കിയിട്ടുള്ളത്.
സ്വന്തമായി പ്രിന്റിംഗ് പ്രസ് നടത്തുന്ന സന്തോഷ് കുമാർ കഴിഞ്ഞ കൊറോണ മഹാമാരി കാലത്താണ് പുസ്തക രചനയിലേക്ക് തിരിയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തോളം നീണ്ട പരിശ്രമം ഒരു കുഞ്ഞു ചെപ്പിലാണ് വായനക്കാരിലേക്കെത്തിക്കുന്നത്. ലെൻസുപയോഗിച്ച് വായിക്കാൻ കഴിയാത്തവർക്കായി ഒരു മിനിയേച്ചർ പതിപ്പ് കൂടി നൽകുന്നുണ്ട്. സ്വതന്ത്ര വ്യാഖ്യാനങ്ങളിലൂടെ രാമായണത്തിലെ ശത്രുഘ്‌നനെക്കുറിച്ച് വിവരിക്കുന്ന ശത്രുഘ്‌ന മൗനം എന്ന പുസ്തകവും സന്തോഷ് കുമാർ രചിച്ചിട്ടുണ്ട്.















