വേനൽ അവധിക്ക് സ്‌കൂൾ അടച്ചു കഴിഞ്ഞാൽ കുട്ടികളെയും കാത്ത് മുത്തച്ഛൻ മാവ് നിൽക്കുന്നുണ്ടാവും. വേനലവധിയല്ലേ മാവിൻ തണലിൽ കളിവീടുണ്ടാക്കി കളിക്കുന്ന കുട്ടികൾക്ക് മുത്തച്ഛൻ മാവിന്റെ വക മാമ്പഴ സൽക്കാരം തന്നെയുണ്ടാവും. മാമ്പഴ പുളിശ്ശേരി, മാങ്ങാ അച്ചാർ, മാങ്ങാ ചമ്മന്തി തുടങ്ങി ബഹുവിധ കറികളാൽ സമ്പന്നമായിരിക്കും അകത്തളങ്ങൾ. ഏവർക്കും ഇഷ്ടപ്പെട്ട ഫലവർഗമായതിനാൽ തന്നെ പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം അറിയപ്പെടുന്നത്. അപ്പോൾ രാജാവിനായി ഒരു ദിനം വേണ്ടതല്ലേ..? ജൂലൈ 22 നാണ് ദേശീയ മാമ്പഴ ദിനമായി ആചരിക്കപ്പെടുന്നത്.
മാമ്പഴങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ..
5000 വർഷങ്ങൾക്ക് മുമ്പാണ് മാമ്പഴരാജാവ് ആദ്യമായി ഇന്ത്യയിലേയ്‌ക്ക വരുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ അറിയപ്പെടുന്ന മാങ്കോ (mango) എന്ന പേര് സ്വീകരിച്ചിരിക്കുന്നത് മലയാള പദമായ ‘മന്ന’ എന്നതിൽ നിന്നാണ്. പോർച്ചുഗീസുകാർ 1498 ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തിൽ എത്തിയപ്പോൾ ‘മന്ന’ ‘മാങ്ങ’ ആയി മാറുകയായിരുന്നു. ഇന്ത്യയിൽ നിലവിൽ 20 മില്യൺ ടണിൽ അധികം മാമ്പഴം ഉത്പ്പാദിക്കുന്നുണ്ട്. മാമ്പഴത്തിന് പ്രചാരമേറുന്നെന്ന് കണ്ടപ്പോൾ പിന്നെ മാമ്പഴങ്ങളിൽ പലവിധ പരീക്ഷണങ്ങൾ നടത്തി വ്യത്യസ്ത തരം മാമ്പഴങ്ങളെ ഉത്പ്പാദിപ്പിച്ചെടുക്കൽ കൂടി. 3/4 കപ്പ് മാങ്ങയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സിയുടെ 50% ആണ്. വൈറ്റമിൻ എയുടെ 8 ശതമാനവും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 8 ശതമാനവും മാമ്പഴത്തിലുണ്ട്.
Comments