മോഹൻലാലിന്റെ വരാനിരിക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൃഷഭ. ഒരു പാൻ ഇന്ത്യൻ മൂവിയായാണ് വൃഷഭ എത്തുക. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. സിനിമയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ, വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് സിനിമയുടെ ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും വൃഷഭയ്ക്കുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
റോഷന് മെക, ഷനയ കപൂര്‍, സഹ്റ ഖാന്, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക്-ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും വൃഷഭ. റോഷൻ മേക ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
Comments