കൊച്ചി: റോഡപകടങ്ങളിൽപ്പെട്ട് സംസ്ഥാനത്ത് പ്രതിദിനം 12 പേർ വീതം മരണമടയുന്നതായി കണക്കുകൾ. എറാണാകുളം ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2018 മുതൽ 2022 വരെ സംസ്ഥാനത്ത് 19,468 പേർ റോഡപകടത്തിൽ മരണപ്പെട്ടു. ഇക്കാലയളവിൽ 1,86,375 അപകടങ്ങളിലായി 2 ലക്ഷത്തിലധികം ആളുകൾക്കാണ് പരിക്കേറ്റത്. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും അഞ്ച് വാഹനാപകടങ്ങൾ സംഭവിക്കുന്നതായും അപകടത്തിൽപ്പെടുന്ന 60 ശതമാനത്തിലധികവും 18-നും 45-നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം കൊറോണ മഹാമാരിക്കാലത്തെ ലോക്ഡൗണിനെത്തുടർന്ന് 2020-ൽ അപകടങ്ങളും മരണവും കുറവായിരുന്നു. ഈ കണക്കുകൾ 2019-മായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ അപകട നിരക്ക് വർദ്ധിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങൾ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് രേഖപ്പെടുത്തിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ 17,239 അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണുള്ളത്. 16,230 അപകടങ്ങളാണ് ഇവിടെ രേഖപ്പെടുത്തിരിക്കുന്നത്. ഏറ്റവും കുറവ് അപകടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലയിലാണ്. 2022-ലെ കണക്കുകൾ പ്രകാരം 3102 അപകടങ്ങളാണ് ഇവിടെയുണ്ടായിരിക്കുന്നത്.
Comments