ദശരഥപത്നി സുമിത്ര എന്ന രാജ്ഞി ലോകവിവരവും പക്വതയും കൊണ്ട് നമ്മെ അദ്‌ഭുതപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ സാംസ്ക്കാരിക നിലവാരം മനസ്സിലാക്കാൻ സുമിത്ര എന്ന ഒരൊറ്റ ഉദാഹരണം ധാരാളമാണ്. ആധുനിക വിദ്യാഭ്യാസമെന്നു നാം പറയുന്നതൊന്നുമില്ലാതിരുന്ന കാലത്ത്, സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു എന്നു പറയുന്ന കാലത്ത് ജീവിച്ചിരുന്ന സുമിത്ര എന്ന സ്ത്രീ പറഞ്ഞ വാക്കുകൾ മാത്രം മതി.
സുമിത്രയുടെ വാക്കുകൾ കേൾക്കും മുമ്പ് ഇതൊന്നു ശ്രദ്ധിച്ചാലും. പറയിപെറ്റ പന്തിരുകുലത്തിലെ കഥകളിൽ വരരുചി ഒരു പ്രധാന കഥാപാത്രമാണല്ലോ? അഥവാ കഥയെ മുമ്പോട്ട് നയിക്കുന്ന കഥയ്‌ക്കാധാരമായ നായകൻ. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം കണ്ടു പിടിക്കാനാവാതെ കാട്ടിലലഞ്ഞതും വനദേവതകൾ സംസാരിക്കുന്നതിൽ നിന്നും ആ ഭാഗം തിരിച്ചറിഞ്ഞതും അതോടൊപ്പം തന്റെ ഭാവി ഭാര്യ ഒരു അധമ കുലത്തിലെ പെൺകുട്ടിയായിരിക്കുമെന്ന തിരിച്ചറിവുണ്ടായതുമൊക്കെ കഥകളായി മലയാളക്കരയിൽ പ്രസിദ്ധമാണ്. വരാൻ പോകുന്ന ‘ദുരന്തം’ ഒഴിവാക്കാൻ ആവതെല്ലാം ചെയ്തിട്ടും “വിധി വിഹിതമേവനും ലംഘിച്ചു കൂടുമോ” എന്ന കണക്കിന് അവൾ തന്നെ ഭാര്യയായതും, അവളെ തിരിച്ചറിഞ്ഞതോടെ പഞ്ചമിയെന്ന ഭാര്യയോടൊപ്പം നടത്തിയ പ്രവാസവും കേരളക്കരയാകെ പ്രസിദ്ധമാണ്. ‘മേഴത്തോളഗ്നിഹോത്രി മുതൽ വായില്ലാക്കുന്നിലപ്പൻ’ വരെ 12 മഹാത്മാക്കൾ വിവിധ ജാതികളിലായി ജീവിച്ച് അവരുടേതായ സംഭാവനകൾ നൽകിയെന്നതും നമുക്കറിയാം.
രാമായണത്തിലെ പ്രസിദ്ധമായ ആ ശ്ലോകങ്ങൾ ഒന്നു പരിശോധിക്കാം.ലക്ഷ്മണൻ അമ്മയായ സുമിത്രയെ നമസ്ക്കരിച്ച് കാനനവാസ കാലത്ത് രാമനെ അനുഗമിക്കുവാൻ അനുവാദം ചോദിച്ചു.
എഴുത്തച്ഛന്റെ വരികൾ:-
“അഗ്രജൻ തന്നെപ്പരിചരിച്ചെപ്പൊഴു
മഗ്രേ നടന്നുകൊള്ളണം പിരിയാതെ.
രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടു നിരൂപിച്ചുകൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ,
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ
മാതൃവചനം ശിരസി ധരിച്ചുകൊണ്ടാ
ദരവോടു തൊഴുതു സൗമിത്രിയും
തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു
ചെന്നു രാമാന്തികേ നിന്നു വണങ്ങിനാൻ”
ഒരു അമ്മയുടെ വൈകാരികതയ്‌ക്കപ്പുറം തന്റെ മകൻ വനത്തിൽ രാമനെ അനുഗമിക്കുമ്പോൾ എങ്ങനെ പെരുമാറണമെന്ന ഉപദേശം വളരെ പ്രധാനപ്പെട്ടതാണ്.
യാത്രയിലുടനീളം ഒപ്പമെന്നല്ല മുമ്പിൽത്തന്നെ നടക്കണം എന്ന് ഒന്നാമതായി സുമിത്ര നിഷ്കർഷിക്കുന്നു. പിന്നെ, രാമൻ ദശരഥൻ തന്നെയാണ് എന്ന് ഉള്ളിലുറപ്പിക്കണം (ഇതു രാമഭക്തിക്കു മാത്രമല്ല, ദശരഥനെപ്പിരിഞ്ഞ സങ്കടം ശമിപ്പിക്കാനും സഹായകമാവും എന്നാതാവാം ഭാവം. ‘ആമോദമോട്’ എന്ന ക്രിയാവിശേഷണം ഘടിപ്പിച്ചിട്ടുള്ളതു മനസ്സിരുത്തുക.)
രാമൻ ദശരഥന്റെ സ്ഥാനത്തെങ്കിൽ, സ്വാഭാവികമായും സീത സുമിത്രയുടെ സ്ഥാനത്തു സങ്കൽപ്പിക്കപ്പെടണം. അപ്പോൾ അമ്മയെ പിരിഞ്ഞു എന്ന വിഷാദം ഒരളവോളമെങ്കിലും ഒഴിവാക്കാം (ഒപ്പം തന്നെ സീതയുടെ നേരേ പുലരേണ്ട ഭക്ത്യാദരങ്ങളും സൂചിപ്പിക്കപ്പെടുന്നു. ലക്ഷ്മണൻ സ്ഥിരമായി അതു പുലർത്തിപ്പോന്നു എന്നതിന് രാമായണത്തിലെ ശേഷമുള്ള ഭാഗങ്ങൾ ശ്രേഷ്ഠമായ സാക്ഷ്യം നൽകുന്നു.) പിന്നെ കാട്ടിലാണ് അലയുന്നത് എന്ന ഖേദം ഉണ്ടാവരുത്. അതിനായി കാടിനെ അയോധ്യയായി കരുതുക. കളങ്കം കൂടാതെ (“മായാവിഹീനം”) ഈ സങ്കൽപ്പങ്ങൾ മനസ്സിൽ ഉറപ്പിച്ചു യാത്രയാവുക. അങ്ങനെ നിനക്ക് മംഗളം വരട്ടെ. പ്രസിദ്ധമായ ഈ നിർദേശവും ആശംസയും വാല്മീകി രാമായണത്തിൽ കാണുന്നതുപോലെതന്നെ പ്രസക്തമായ ശ്ലോകത്തിന് വള്ളത്തോളിന്റെ വിവർത്തനം ഇങ്ങനെയാണ്.
“ഓർക്ക രാമൻ ദശരഥ, നമ്മയെന്നോർക്ക സീതയെ;
കാടയോദ്ധ്യയിതെന്നോർക്ക; പോയ്‌ക്കൊൾകുണ്ണീ യഥാസുഖം”
വാല്മീകി പറയുന്നു.
“രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി ഗച്ഛ താതാ യഥാ സുഖം”
മകനേ നീ സുഖമായി കാട്ടില്‍പോയ്‌ക്കോളൂ. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാമനെ ദശരഥനെന്നു കരുതണം. ഒരു ജ്യേഷ്ഠനോടുള്ള ഭയഭക്തി ബഹുമാനങ്ങളോ ശുശ്രൂഷകളോ പോരാ. പിതാവായ ദശരഥനെ നീ എപ്രകാരം കരുതുമോ അപ്രകാരം നീ രാമനെ കരുതണമെന്ന താത്പര്യം. ജനകാത്മജയെ കേവലം നിന്റെ ജ്യേഷ്ഠത്തിയമ്മയായി കണ്ടാല്‍പ്പോരാ. സ്വന്തം അമ്മയാണ് സീതാദേവി എന്നു കരുതണം. പിന്നെ വനവാസം കഴിയുവോളം അടവിയെ അയോധ്യയായും കാണണം.
ഇതു വായിക്കുമ്പോൾ നാം ഓർക്കേണ്ടത് സുമിത്ര എന്ന രാജ്ഞി ഏത് കോളേജിലാകും പഠിച്ചിട്ടുണ്ടാവുക. ആധുനിക വിദ്യാഭ്യാസമെന്നു നാം പറയുന്നതൊന്നുമില്ലാതിരുന്ന കാലത്ത്, സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു എന്നു പറയുന്ന കാലത്ത് ജീവിച്ചിരുന്ന ഒരു സ്ത്രീ പറഞ്ഞ ഈ വാക്കുകൾ മാത്രം മതി ഭാരതത്തിന്റെ സാംസ്ക്കാരിക നിലവാരം മനസ്സിലാക്കാൻ.ഇനി ഇതൊന്നും സുമിത്ര പറഞ്ഞതല്ല കവി പറഞ്ഞതാണെന്നുണ്ടെങ്കിൽ വാല്മീകിയ്‌ക്കും ആധുനിക വിദ്യാഭ്യാസമുണ്ടായിരുന്നില്ലല്ലോ!ആ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച ലക്ഷമണനും പി.ജിയും ഡോക്ടറേറ്റും ഉണ്ടായിരുന്നില്ല. എന്നിട്ടും വിനീതവിധേയനായി രാമപാദം സദാ സ്മരിച്ച് അരികിലുണ്ടായിരുന്നു.
ഇതാണ് എന്റെ ഭാരതത്തിന്റെ സംസ്കാരമെന്ന് ലോകത്തോട് പറയാനാണ് വാല്മീകി പറയുന്നത്. എഴുത്തച്ഛനും, വള്ളത്തോളും അനവധി അനവധി രാമായണങ്ങളും പറയുന്നത് ഇതു തന്നെയാണ്.
ഭാരതത്തിന്റെ സമൃദ്ധമായ ഭൂതകാലം സാംസ്കാരിക പ്രബുദ്ധതയുള്ള ഒരു വേദകാലം ഉണ്ടായിരുന്നിട്ടും നാമെന്തേ ലോകത്തിന്നു മുന്നിൽ തലകുനിച്ചു പോയി എന്ന് വരരുചിയിലൂടെ ചോദിക്കുന്നു.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments