മോസ്‌കോ: വാലന്റീന തെരഷ്‌കോവ എന്ന പേര് സുപരിചിതമല്ലാത്തവർ ചുരുക്കമായിരിക്കും. ബഹിരാകാശത്തെത്തിയ ആദ്യ വനിതയെന്ന ബഹുമതി തെരഷ്‌കോവയ്‌ക്ക് സ്വന്തമാണ്. 1963 ജൂൺ 16-ന് കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോവിയറ്റ് യൂണിയന്റെ വോസ്‌റ്റോക്-6 എന്ന പേടകത്തിലാണ്് തെരഷ്‌കോവയുടെ ചരിത്ര യാത്ര അരങ്ങേറിയത്. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡും വാലന്റീന സ്വന്തമാക്കി. വാലന്റീനയെ പോലെ തന്നെ സോവിയറ്റ് യൂണിയനിൽ നിന്ന് ബഹിരാകശത്തേക്ക് കുതിച്ചുയർന്ന മറ്റൊരു വനിതയും ചരിത്രത്തിൽ തന്റെ പേര് പതിപ്പിച്ചിട്ടുണ്ട്. സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കായ എന്ന യുവതിയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
തെരഷ്‌കോവയുടെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം 20 വർഷത്തോളം കഴിഞ്ഞാണ് മറ്റൊരു സ്ത്രീ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. 1982-ൽ സോവിയറ്റ് പേടകമായ സോയൂസ് ടി-5-ലാണ് സ്വെറ്റ്‌ലാന പറന്നുയർന്നത്. ഇവരായിരുന്നു പൈലറ്റ് ആയി ഉണ്ടായിരുന്നത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ വനിത എന്നതിന് പുറമേ രണ്ട് തവണ ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ വനിതയെന്ന റെക്കോർഡും സ്വെറ്റ്‌ലാനയുടെ കൈപ്പിടിയിലായി. 1984-ൽ ആണ് സ്വെറ്റ്‌ലാന രണ്ടാമത്തെ ബഹിരാകാശ യാത്ര നടത്തുന്നത്.
ഈ യാത്രയിലാണ് ബഹിരാകാശത്ത് കൂടി നടന്ന ആദ്യ വനിതയെന്ന റെക്കോർഡും സ്വന്തമാക്കുകയായിരുന്നു. 1984 ജൂലൈ 25-ന് നടന്ന സ്വെറ്റ്‌ലാനയുടെ ചരിത്ര പ്രസിദ്ധമായ യാത്രയ്‌ക്ക് ഇന്ന് 39 വർഷം തികയുകയാണ്. സോയൂസ് ടി-12 എന്ന പേടകത്തിലായിരുന്നു സ്വെറ്റ്‌ലാന ബഹിരാകാശത്തെത്തുന്നത്. അന്ന് പേടകത്തെ സോവിയറ്റ് യൂണിയന്റ് സല്യൂട്ട്-7 സ്‌പേസ് സ്റ്റേഷനുമായാണ് ബന്ധിപ്പിച്ചിരുന്നത്. ദൗത്യത്തിന്റെ ഭാഗമായി 3.5 മണിക്കൂർ സമയത്തോളം സ്വെറ്റ്‌ലാന പേടകത്തിന് പുറത്ത് ചെലവഴിക്കുകയായിരുന്നു.
സഹയാത്രികനായ വ്‌ലാഡിമർ സനിബെകോവും സ്വെറ്റ്‌ലാനയ്‌ക്കൊപ്പം ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പാരഷൂട്ട് ജംപിൽ വിദഗ്ധയായിരുന്ന സ്വെറ്റ്‌ലാന സ്ട്രാറ്റോസ്ഫിയർ ജംപിൽ മൂന്ന് ലോകറെക്കോർഡുകളും ഇതിന് പുറമേ ജെറ്റ് വിമാനങ്ങളിൽ നിന്നും താഴേക്ക് ചാടി 15 ലേക റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സ്വെറ്റ്‌ലാനയ്‌ക്ക് ഇന്ന് 74-വയസാണ് പ്രായം.















