പലരുടെയും ആത്മവിശ്വാസം കെടുത്തുന്നതാണ് പല്ല്. നല്ല നിരയൊത്ത വെളുത്ത പല്ലുകളാണ് എല്ലാവർക്കും ഇഷ്ടം. പല്ലിന്റെ നിരയൊന്ന് തെറ്റിയാൽ എല്ലാവരും ചിന്തിക്കുന്നത് പല്ലിൽ കമ്പി ഇടുന്നതിനെ കുറിച്ചാണ്. എന്നാൽ, എല്ലാവർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എപ്പോഴാണ് പല്ലിൽ കമ്പി ഇടേണ്ടത്, പല്ലിന് കമ്പി ഇടേണ്ടതുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് സാധാരണയായി പല്ലുകളിൽ കമ്പി ഇടുന്നത് കൂടുതൽ. എന്നാൽ പല്ലിൽ കമ്പി ഇടുന്ന മുതിർന്ന ആളുകളുടെ എണ്ണവും തീരെ കുറവല്ല. ഉന്തിയ പല്ലുകൾ, കട്ടപ്പല്ല്, അകന്നിരിക്കുന്ന പല്ലുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെയാണ് ആളുകൾ സാധാരണ കമ്പി ഇടാനായി ദന്തരോഗ വിദഗ്ധനെ സമീപിക്കുന്നത്. എന്നാൽ എല്ലാ കേസുകളിലും കമ്പി ഇടേണ്ടതായിട്ടില്ല. നിര തെറ്റിയ ഒന്നോ രണ്ടോ പല്ലുകൾ സൗന്ദര്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ അതൊന്നും കമ്പി ഇടാൻ ഡോക്ടർമാർ നിർദ്ദേശിക്കില്ല.
ഏതെങ്കിലും തരത്തിൽ സംസാരിക്കുമ്പോൾ വായിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ ഡോക്റെ കാണണം. അതായത്, ചവയ്‌ക്കുമ്പോൾ ബുദ്ധിമുട്ട് നേരിടുമ്പോൾ അതല്ലെങ്കിൽ ഈ പല്ലുകൾ വായ്‌ക്കുള്ളിൽ മുറിവുകൾ ഉണ്ടാക്കുമ്പോൾ ദന്ത രോഗ വിദഗ്ധനെ കാണണം.
ചില ആളുകൾക്ക് പല്ലുകളുടെ പ്രശ്നം മൂലം സംസാരത്തിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സംസാരിക്കുമ്പോൾ പല്ലുകളുടെ ഇടയിലൂടെ കാറ്റ് പോകുന്ന അവസ്ഥ, ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ അനാവശ്യ ശബ്ദങ്ങൾ കൂടി അകമ്പടിയായി പുറത്തേയ്‌ക്ക് വരിക തുടങ്ങിയ സാഹചര്യങ്ങളിലും പല്ലുകളുടെ അവസ്ഥ നോക്കി വിദഗ്ധർ കമ്പി വേണോ വേണ്ടയോ എന്ന് പറയും.
പല്ലുകളിൽ കമ്പി ഇടേണ്ടതിന്റെ മറ്റ് ചില ലക്ഷണങ്ങൾ കൂടി പറയാം. കട്ടപ്പല്ല് അഥവാ പല്ലുകൾ കൂടിയിരിക്കുന്ന അവസ്ഥ ആണെങ്കിൽ കമ്പി ഇടേണ്ടതുണ്ട്. പല്ലുകൾ കൂടിയിരിക്കുന്നത് മൂലം ബ്രഷ് ചെയ്യാനോ ഫ്ലോസ് ചെയ്യാനോ ബുദ്ധിമുട്ട്, പതിവായി നാക്കോ ചുണ്ടുകളോ കടിക്കുന്ന അവസ്ഥ, കോട്ടം വന്ന പല്ലുകളുടെ സ്ഥാനം മൂലം ചില വാക്കുകൾ ഉച്ചരിക്കുന്നതിന് ബുദ്ധിമുട്ട്, പല്ലുകളുടെ പ്രശ്നം മൂലം താടിയെല്ലിന്റെ ഭാഗത്ത് നിന്ന് ശബ്ദമോ മറ്റോ അനുഭവപ്പെടൽ, ഭക്ഷണം ചവയ്‌ക്കുമ്പോൾ താടിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾക്ക് ആയാസം തുടങ്ങിയ സാഹചര്യത്തിൽ കമ്പി ഇടേണ്ടതാണ്.
Comments