ബിജെപിയുടെ താര മുഖങ്ങളിലൊരാളാണ് നടൻ സുരേഷ് ഗോപി. അഭിനയ ജീവിതത്തിനപ്പുറം കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള നടൻ. സിനിമയിലും രാഷ്ട്രീയത്തിലും ശോഭിക്കുന്നതിനൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായി അദ്ദേഹം ഇടപെടുന്നു. തൃശൂർ മണ്ഡലത്തെ ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി മാറ്റാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്നതിനാൽ സംസ്ഥാന-ദേശീയ നേതാക്കൾ സുരേഷ് ഗോപിയ്ക്ക് പ്രത്യേക സ്ഥാനം തന്നെ നൽകുന്നു. ഇപ്പോഴിതാ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സുരേഷ് ഗോപിയെപ്പറ്റി പറഞ്ഞ വീഡിയോയാണ് പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
‘തൃശൂരിൽ വിജയത്തിന് ഏറ്റവും അടുത്ത് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം നല്ല രീതിയിൽ മത്സരം കാഴ്ചവെച്ചു. മത്സരിപ്പിച്ചാൽ നൂറ് ശതമാനവും ഉറപ്പായും ജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. അദ്ദേഹം ഒരു നൂറ് ശതമാനം രാഷ്ട്രീയക്കാരനല്ല. 24 മണിക്കൂറും രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുന്ന വ്യക്തിയല്ല. ഞങ്ങൾ ഇറങ്ങും പോലെ ബൂത്ത് കമ്മറ്റി ഉണ്ടാക്കാൻ ഇറങ്ങുന്ന ആളുമല്ല. നല്ല ഒരു സിനിമാ നടനാണ് സുരേഷ് ഗോപി. ഇപ്പോഴും സിനിമ ചെയ്യുന്ന വ്യക്തിയാണ്. ബിജെപിയുടെ പേരിൽ ഇത്രയധികം വിമർശനം കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമ ഇറങ്ങുന്നുണ്ട്, അതെല്ലാം വിജയിക്കുന്നുമുണ്ട്’.
‘സിനിമ ചെയ്യുന്നു, അതിന്റെ പ്രതിഫലത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടുന്ന സഹായം ചെയ്യുന്നു. അങ്ങനെ ജീവിതത്തിലെ നല്ലൊരു സമയം ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റി വെയ്ക്കുകയാണ് അദ്ദേഹം. എന്നാൽ, അതേസമയം അദ്ദേഹം പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. അത്രയും തിരക്കുള്ള ഒരു മനുഷ്യനെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവരും എന്നുള്ളതെല്ലാം മാദ്ധ്യമ സൃഷ്ടികളാണ്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ആക്കാനോ സംസ്ഥാന പ്രസിഡന്റ് ആക്കാനോ അല്ല ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ബിജെപി എങ്ങനാണോ അദ്ദേഹത്തെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് അത് അദ്ദേഹം സ്വീകരിക്കുന്നുണ്ട്’- സുരേന്ദ്രൻ പറഞ്ഞു.















