കൊച്ചി : ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 20000 കോടി കടത്തിയ കേസുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിടിയിലായി. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗമാണ് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോര്‍ജ്ജിനെ പിടികൂടിയത് . ഒപ്പം ഉണ്ടായിരുന്ന മകന്‍ അഭിഷേക് ജോര്‍ജും പിടിയിലായി.എമിറൈറ്റ് ഫ്ലൈറ്റിൽ ദുബായിലേയ്‌ക്ക് പോകാൻ എത്തിയതായിരുന്നു ഇരുവരും.
സിനിമാ നിര്‍മ്മാണ മേഖല, സ്വർണ്ണക്കച്ചവടം എന്നിവയുടെ മറ പിടിച്ച് 20000 കോടിയിലധികം പണം കേരളത്തിലേക്ക് കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്വര്‍ണ്ണക്കട ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്. സിനിമാ രംഗത്ത് സജീവമായ ദമ്പതികളും ഉടന്‍ പിടിയിലായേക്കും എന്ന് സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു.കേസില്‍ ഹാജരാകാന്‍ ജോര്‍ജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമായ മൊസാക് ഫൊന്‍സെകയുമായി ബന്ധമുള്ള ആളാണ് മാത്യു ജോര്‍ജ്.
ജോര്‍ജിനും മക്കള്‍ക്കും കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോർട്ട് . . ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവരും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.















