സംഗീതലോകത്തെ പ്രതിഭയും മാധുര്യമുള്ള ശബ്ദം കൊണ്ട് ആസ്വാദകരുടെ മനം കവരുകയും ചെയ്ത മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായിക കെ എസ് ചിത്രയുടെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് ചിത്രയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും ചിത്രയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“തലമുറകളുടെ പ്രിയ ഗായിക, മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.”- മോഹൻലാൽ കുറിച്ചു.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് ചിത്രയുടെ സഹോദരങ്ങൾ. വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്.
നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
തെന്നിന്ത്യൻ വാനമ്പാടി എന്നത് മാത്രമല്ല, “ഫീമൈൽ യേശുദാസ് “, “ഗന്ധർവ ഗായിക”, “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ”, “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകളും ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
Comments