ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു എന്ന് ദൂതന്മാർ വിവരമറിയിച്ചപ്പോൾ കൗസല്യാ ദേവിക്ക് സന്തോഷം ഉണ്ടായെങ്കിലും ഉള്ളിലെവിടെയോ ഒരു ഭയപ്പാടും അങ്കുരിച്ചു. കൈകേയുടെ ചിത്തത്തിൽ എന്താണുള്ളത് എന്നതായിരുന്നു ആ ഭയപ്പാടിന്റെ കാരണം. ദശരഥ മഹാരാജാവിന് കൈകേയി യുമായാണ് കൂടുതൽ അടുപ്പം. കൈകേയീ ചിത്തത്തിനനുസരിച്ച് മഹാരാജാവിന്റെ മനസ്സ് മാറുമോ എന്നത് കൗസല്യക്ക് ഒരു മനശ്ശല്യമായി തുടർന്നു.എന്തായാലും കാര്യങ്ങൾ നന്നായി നടക്കണം എന്ന ആഗ്രഹത്തോടെ കൗസല്യ, ലക്ഷ്മിദേവിയെയും ദുർഗ്ഗാദേവിയെയും പൂജിച്ചു.
കൗസല്യയുടെ ചിന്തകൾ അസ്ഥാനത്തല്ല. അഭിഷേക വിഘ്നത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. ദേവന്മാർ ഗൂഢാലോചനകൾ നടത്തി, ശ്രീരാമൻ രാജാവായാൽ രാവണനിഗ്രഹം എന്ന സങ്കല്പം നടക്കാതെ ആകും, അതിനാൽ അഭിഷേകം മുടക്കാനായി മന്ഥരയുടെ നാവിൽ കളിക്കാൻ ദേവകൾ സരസ്വതി ദേവിയോട് അഭ്യർത്ഥിച്ചു. വാഗ്ദേവി മന്ഥരയുടെ നാവിൽ വിളയാടി. കൈകേയിയുടെ തോഴിയായ മന്ഥര നേരത്തെ തന്നെ അതിനായി നിയോഗിക്കപ്പെട്ടവൾ ആയിരുന്നു. ദശരഥൻ കൈകേയിയേ വിവാഹം കഴിച്ചു കൊണ്ട് വന്നപ്പോൾ തന്നെ കേകയ മന്നൻ കുറെ തോഴി മാരെ അവരുടെ കൂടെ അയച്ചിരുന്നു മന്ഥരയും അതിലൊരുവൾ ആയിരുന്നു..
കൈകേയീ പുത്രനായ രാജാവാക്കാൻ യഥാസമയം ആവശ്യമായ എല്ലാ കളികളും നടത്താൻ മന്ഥരയ്‌ക്ക് പ്രത്യേകം നിർദ്ദേശം കിട്ടിയിരുന്നു ദശരഥൻ ഭരത ശത്രുഘ്നൻമാരെ കേകയത്തിലേക്ക് പറഞ്ഞയച്ചപ്പോൾ തന്നെ മന്ഥര അപകടം മണത്തു അവർ തിരിച്ചെത്തും മുൻപ് തന്നെ ശ്രീരാമാഭിഷേകം നടത്താൻ ദശരഥൻ തീരുമാനിച്ചത് മനഃപൂർവ്വം ആണെന്ന് മന്ഥര വിലയിരുത്തി. ശ്രീരാമന് തന്നോടാണ് ഏറെ ഇഷ്ടമെന്ന് വിശ്വസിച്ചുറപ്പിച്ചിരുന്ന കൈകേയിയെ മന്ഥര വാഗ്ദേവിയുടെ സഹായത്താൽ പറഞ്ഞു തിരുത്തി.കൈകേയിയെ വാശിപിടിപ്പിച്ച് ക്രോധാലയത്തിൽ പ്രവേശിപ്പിക്കാൻ മന്ഥരയ്‌ക്ക് കഴിഞ്ഞു. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമനെ 14 വർഷം വനവാസത്തിന് അയക്കണമെന്നും കൈകേയി മഹാരാജാവിന് നിർബന്ധിച്ചു. മന്ഥരയുടെ വാക്കുകളെ മുഴുവൻ അംഗീകരിച്ച കൈകേയി ഉണർന്ന് പ്രവർത്തിച്ചു.
ശേഷം കഥ സുവിദിതമാണ്. അങ്ങിനെ നോക്കുമ്പോൾ രാമായണത്തിലെ മന്ഥരയുടെ നിയോഗത്തിന്റെ പ്രാധാന്യം അറിയാൻ സാധിക്കും.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments