തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് തീരത്ത് കരയ്‌ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. വർഷങ്ങളായി വിധവയായിരുന്ന താൻ ഗർഭിണി ആയ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു ജൂലിയ പോലീസിന് നൽകിയ മൊഴി.
സംഭവത്തിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുതെങ്ങ് പോലീസ് ഇന്ന് രാവിലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 18-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാവിലെയോടെ മാമ്പള്ളി പള്ളിക്ക് പുറക് വശത്തുള്ള തീരത്തായി നവജാത ശിശുവിന്റെ മൃതദേഹം കരയ്‌ക്ക് അടിയുകയായിരുന്നു. ഒരു കയ്യും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഒറ്റ നോട്ടത്തിൽ ഒരു പാവയുടെ രൂപത്തിൽ ആയിരുന്നതിനാൽ തന്നെ പ്രദേശവാസികൾ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് മൃതദേഹം മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് നടവഴിയിൽ ഇടുകയും ഇവിടെ വെച്ച് കടിച്ചു വലിക്കുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
Comments