ലോകത്തിനു മുന്നിൽ ക്ഷേത്ര സംരക്ഷണത്തിനും ഭരണ നിർവഹണത്തിനും വേണ്ടിയുള്ള ആധുനിക മാതൃകകൾ സൃഷ്ടിക്കാനുള്ള ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം കാശി വിശ്വനാഥന്റെ മണ്ണായ വാരണാസിയിൽ ‘ഇൻ്റർനാഷണൽ ടെമ്പിൾ കൺവെൻഷൻ ആൻഡ് എക്സ്പോ 2023’ (ITCX) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടു.
സനാതനം എന്ന വാക്ക് കൊണ്ട് തന്നെ ഉദ്ഘോഷിക്കപ്പെടുന്ന പ്രധാന ആശയങ്ങൾ അത് ചിരപുരാതനവും നിത്യ നൂതനവും ആയി നിലനിൽക്കുന്നു എന്നതാണ്. ആ സനാതന സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായി ലോകമെമ്പാടും ഇന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്ര സംസ്കാരത്തിന് ഒരു ഏകീകൃത കാര്യ നിർവഹണ പദ്ധതി രൂപവത്കരിക്കുക എന്നത് ബൃഹത്തായ ഒരു കർമ്മ പദ്ധതിയാണ്.
2023 ജൂലൈ 22, 23, 24 തീയതികളിലായി വാരണാസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സർസംഘചാലക്, ശ്രീ മോഹൻ ഭാഗവത് ആയിരുന്നു.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം, തിരുമല തിരുപ്പതി ദേവസ്ഥാനം എന്നീ ക്ഷേത്രങ്ങളുടെ പ്രതിനിധികൾ ഉദ്ഘാടന സഭയിൽ സന്നിഹിതരായിരുന്നു. ഹിന്ദു ക്ഷേത്രങ്ങൾക്ക് പുറമേ ബുദ്ധ ജൈന സിഖ് ക്ഷേത്രങ്ങളുടെ അധികാരികളും കൺവെൻഷന്റെ ഭാഗമായി.
തിരുപ്പതി ക്ഷേത്രം, തമിഴ്നാട് ചിദംബരം ക്ഷേത്രം, ഹംപി വിരൂപാക്ഷ ക്ഷേത്രം, പന്ധർപുർ വിത്തല സ്വാമി മന്ദിർ,കാശി വിശ്വനാഥ ക്ഷേത്രം, അയോദ്ധ്യ രാമക്ഷേത്രം, ഇസ്കോൺ തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിശദമായ പഠനങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യപ്പെട്ടു.
ക്ഷേത്രങ്ങളെ തീർത്ഥാടക സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് ചരിത്രപരമായ പ്രാധാന്യം, പൈതൃക സംരക്ഷണം, ആത്മീയ സാംസ്കാരിക ഉന്നമനം, അന്നദാനം, സുരക്ഷ, മാലിന്യ സംസ്കരണം, സാങ്കേതിക വിദ്യയുടെ പ്രയോഗം,സുസ്ഥിര സാമ്പത്തിക വ്യവസ്ഥ, സാമൂഹിക മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുക, ഗവൺമൻ്റുമായുള്ള സഹകരണം തുടങ്ങി സമസ്ത മേഖലകളെയും സമന്വയിപ്പിച്ച് മികച്ച മാതൃകകൾ സൃഷ്ടിക്കാനുള്ള രൂപരേഖ ഒരുക്കുവാൻ ഇൻ്റർനാഷണൽ ടെമ്പിൾ കൺവെൻഷൻ ആൻഡ് എക്സ്പോ 2023 വേദിയായി.
ടെമ്പിൾ കണക്ടിന്റെ സ്ഥാപകൻ ഗിരീഷ് കുൽകർണിയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെയും ഇൻക്രെഡിബിൾ ഇന്ത്യ കാമ്പെയ്നിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 1098 പ്രതിനിധികൾ ആണ് പങ്കെടുത്തത്.
ITCX – 2023 ചെയർമാനും മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ അംഗവുമായ ശ്രീ പ്രസാദ് ലാദ്, ശ്രീ വിശാൽ സിംഗ് ഐ. എ. എസ്.,റിട്ട. ഐ.എ.എസ് ശ്രീ മീനാക്ഷി സുന്ദരം, വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറി ജനറൽ ശ്രീ മിലിന്ദ് പരാന്ദേ, ശ്രീ നൈമിഷ് ഷാ, ശ്രീ സേത്ത് ആനന്ദ് ജി കല്യാൺ ജി, ശ്രീ ഗഹിനിനാഥ് മഹാരാജ് ഓസേകർ, ശ്രീ സയാലി ലാദ്, ശ്രീ വിശ്രം ദിയോ, ശ്രീ പ്രഗ്യ കേവൽരമണി തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരും വിദഗ്ധരും അടങ്ങുന്ന നീണ്ട നിരയാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത്. ലോകമെമ്പാടുമുളള ക്ഷേത്രങ്ങളെ ഒരു നൂലിൽ കോർക്കുന്ന മഹത്തായ ഒരു അനുഭവം തീർത്ഥാടകർക്ക് പകർന്നു തരാൻ ITCX – 2023 ന്റെ ഭാവി പദ്ധതികൾ കൊണ്ട് കഴിയട്ടെ എന്ന് ആശംസിക്കാം.
ആർ ശ്രീലക്ഷ്മി
(ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം വിദ്യാർത്ഥിനിയാണ്)















