ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികാഘോഷങ്ങൾ അടുത്തിരിക്കെ ബൃഹത്തായ ക്യാമ്പെയ്ൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിനായി സ്വജീവൻ ബലിയർപ്പിച്ച, അക്ഷീണം പ്രവർത്തിച്ച ധീരരെ ആദരിക്കുന്നതിനായി ‘ മേരി മിട്ടി, മേരാ ദേശ്’ -എന്റെ മണ്ണ്, എന്റെ ദേശം ക്യാമ്പെയ്‌നാണ് നടത്തുക. ഡൽഹിയിലെ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാതിക എന്ന പേരിൽ പൂന്തോട്ടം സ്ഥാപിക്കുമെന്നും 7,500 വൃക്ഷ തൈകൾ നടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 103-ാം പതിപ്പിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ധീരജവാന്മാരുടെ സ്മരണയ്‌ക്കായി പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 7,500 വൃക്ഷ തൈകളുമായി നിരവധി രാജ്യതലസ്ഥാനത്ത് പേരെത്തും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തെ പ്രദർശിപ്പിക്കുന്നതാകും അമൃത് വാതിക എന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും മേരി മിട്ടി, മേരാ ദേശ് ക്യാമ്പെയ്‌ന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മൻ കി ബാത്തിൽ പറഞ്ഞു. 75-ാം സ്വാതന്ത്ര്യദിനത്തിൽ, അമൃത്കാലത്തെ വരവേറ്റ ‘ഘർ ഘർ തിരംഗ’ ക്യാമ്പെയ്ൻ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിൽ ജനങ്ങളുടെ മനസാണ് പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. ജനതാത്പര്യങ്ങൾക്കനുസൃതമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനും ഭരണനിർവഹണത്തെ സൃഷ്ടിക്കുന്നതിലും മൻ കി ബാത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തിച്ചതിലൂടെയാണ് മൻ കി ബാത്ത് കൂടുതൽ ജനകീയമായത്. പുതിയ അറിവുകളുടെയും വിജ്ഞാനത്തിന്റെയും ശേഖരമാണ് ഈ പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി അവതരിപ്പിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു
Comments