ഭാരത സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ക്ഷേത്രങ്ങൾ. ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായി ഇന്ത്യയെ കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതന മതങ്ങളായ ഹിന്ദു മതം, ജൈന മതം, ബുദ്ധമതം തുടങ്ങിയവയ്‌ക്ക കാരണമായത് തന്നെ ഇന്ത്യയാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതമാണ് ഹിന്ജുമതമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിൽ ഏകദേശം 6.48 ലക്ഷം ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അത്തരത്തിൽ ഇന്ത്യൻ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളും നിരവധിയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളാണ് ഇവ…
ഗണപതിപുലെ ക്ഷേത്രം, മഹാരാഷ്‌ട്ര
കടൽത്തീരത്തെ മണലിനടിയിൽ നിന്ന് ഉയർന്നുവന്ന ഗണപതി വിഗ്രഹം. ഇവിടുത്തെ മണലിന് വെള്ള നിറമാണ്. പ്രസിദ്ധമായ സ്വയംഭൂ ഗണപതി ക്ഷേത്രത്തിലെ ‘പുലെ’ എന്ന് വിളിക്കപ്പെടുന്ന വെളുത്ത മണലിൽ ജനത്തിന്റെ അധിപനായ ഗണപതി വസിക്കുന്നതിനാലാണ് ഈ പട്ടണം ഗണപതിപുലെ എന്ന് അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീർത്ഥാടകരാണ് പ്രതിദിനം വന്നുപോകുന്നത്. മറ്റ് ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ പ്രതിഷ്ഠ പടിഞ്ഞാറോട്ട് അഭിമുഖമായാണ് നിൽക്കുന്നത്. സൂര്യന്റെ സ്വർണ്ണ രശ്മികളാൽ ശ്രീകോവിലിന്റെ ശ്രീകോവിൽ ആകർഷകമായി നിലകൊള്ളുന്നു. ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന കുന്നിന്റെ പ്രദക്ഷിണം ചെയ്യുന്നത് പവിത്രമായി കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവന്് പ്രാർത്ഥനകൾ അർപ്പിക്കുമ്പോൾ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാനായി ഡ്രമ്മുകൾ കൊട്ടുന്നു. ദിവസവും രാവിലെ അഞ്ച് മുതൽ രാത്രി ഒൻപത് വരെയാണ് ഇവിടുത്തെ ദർശന സമയം.
ഇവിടെത്തെ ബീച്ചും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. പച്ചപ്പ് നിറഞ്ഞ ഈന്തപ്പനകളും കണ്ടൽക്കാടുകളാലും സമ്പുഷ്ടമാണ് ഇവിടം. ജയ്ഗഡ് വിളക്കുമാടം, കൊങ്കൺ മ്യൂസിയം, ആരെ വെയർ ബീച്ച് , ഭണ്ഡാർപുലെ ബീച്ച്, ഗുവാഗർ ബീച്ച് എന്നിവയൊക്കെയാണ് ഗണപതിപുലെയിലെ പ്രധാന ആകർഷണം.
കൊണാർക്ക് സൂര്യക്ഷേത്രം
കടൽത്തീരത്ത് അതിമനോഹരമായ ക്ഷേത്ര വാസ്തുവിദ്യ, അതാണ് ഒഡിഷയിലെ പുരി ജില്ലയിൽ സമുദ്രത്തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് ഇത്. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ മണൽക്കല്ലിൽ കടഞ്ഞെടുത്ത ക്ഷേത്രം. ഏഴ് കുതിരകളും 22 ചക്രങ്ങളുമായി സൂര്യദേവന്റെ ഈ ക്ഷേത്രരഥം ആകർഷിക്കുന്നത് ലോകമെമ്പാടുമുള്ള വിനോടസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. ക്ഷേത്രത്തിലെ ചുമർ ശിൽപങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവയെല്ലാം കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങളുമുണ്ട്. പുരി ജില്ലയിൽ നിന്നും കൊണാർക്ക്-പുരി മറൈൻ ഡ്രൈവ് റോഡിലൂടെ 35 കിലോമീറ്റർ യാത്ര ചെയ്താൽ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെത്താം.
മഹാബലിപുരം തീരക്ഷേത്രം
കല്ലുകൾ കഥ പറയുന്ന നാടാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള മഹാബലിപുരം. കരിങ്കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളും ഗുഹകളും ക്ഷേത്രങ്ങളുമാണ് ഇവിടെത്തെ പ്രത്യേകത. ഇവിടെ ബംഗാൾ ഉൾക്കടലിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവ രാജക്കന്മാരാണ് ഈ ക്ഷേത്രം പണിക്കഴിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ക്ഷേത്രങ്ങളിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രം കൂടിയാണിത്. മറ്റുള്ളവയെല്ലാം കാലക്രമേണ കടലെടുത്തു. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നിർമിതികളിലൊന്നാണ് ഇത്.
മുരുഡേശ്വർ ക്ഷേത്രം, കർണാടക
ലോകത്തിലെ ശിവന്റെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമയാണ് ഇവിടെയുള്ളത്. ഉത്തര കന്നട ജില്ലയിലെ ഭട്ക്കൽ താലൂക്കിലാണ് മുരുഡേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർഎൻ ഷെട്ടി എന്ന മനുഷ്യന്റെ കഠിന പ്രയ്തനത്തിന്റെ ഫലമായാണ് ഈ ക്ഷേത്രം ഉയർന്നത്. അറബിക്കടലിന്റെ തീരത്ത് കടലിന് മുകളിലായാണ് ഈ അത്ഭുതം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര ഗോപുരവും ക്ഷേത്രങ്ങൾക്കുമൊപ്പം ലോകത്തെ ഞെട്ടിച്ച ശിവപ്രതിമുണ്ടാക്കിയപ്പോൾ ഇവിടുത്തെ ജനങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഇതിന് ചുറ്റും നിറയെ ഉപദൈവങ്ങളുമുണ്ട്. ശ്രീകോവിലിന് മുൻപിലായി നന്തിമണ്ഡപവും സ്ഥിതി ചെയ്യുന്നു.
രാമസ്വാമി ക്ഷേത്രം, തമിഴ്‌നാട്
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വെച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനായി ശിവനോട് പ്രാർത്ഥിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ഭാരത്തിലുള്ള 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഭഗവാൻ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠക്കപ്പെടുകയും ആരാധിക്കുകയും ചെയ്ത ശിവക്ഷേത്രമാണ് രാമസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്‌ക്ക് പുറമേ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള മികച്ചയിടവുമാണ് ഇത്. ഇവിടെ 64 തീർത്ഥകുളങ്ങളാണുള്ളത്. ഇതിൽ 22 എണ്ണം ക്ഷേത്രത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്.
ആഴിമല ശിവക്ഷേത്രം, തിരുവനന്തപുരം
തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിന് സമീപമുള്ള ആഴിമല ശിവക്ഷേത്രം. ആഴി എന്നാൽ കടൽ എന്നും മല എന്നാൽ കുന്ന് എന്നുമാണ് അർത്ഥം. കടലിനോട് ചേരുന്ന കുന്നിന് സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെ ഉള്ളത്. 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയാണിത്ഗം, ഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിക്കുന്നത്. കടൽത്തീരത്തിനോട് ചേർന്ന് കിടക്കുന്ന പാറക്കൂട്ടങ്ങൾക്ക് മുകളിലായാണ് ധ്യാനമണ്ഡപമുള്ളത്. ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിൽ നിന്നുമാണ് ധ്യാനമണ്ഡപത്തിലേക്കുള്ള പ്രവേശനം ഒരുക്കിയിരിക്കുന്നത്. 27 പടികൾ കടന്നാൽ ഗുഹയ്‌ക്കുള്ളിലെത്തും. ശില്പങ്ങളും പ്രതിമകളും കൊണ്ട് അതിമനോഹരമായാണ് ഇതിന്റെ ഉള്ളറയുടെ നിർമ്മാണം.
Comments