പത്തനംതിട്ട:ഇലന്തൂരിൽ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ. വിളക്കും ഭണ്ഡാരവും തകർന്നു. ചുറ്റും ഉള്ള തൂക്കുവിളക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദിവസേന വിളക്ക് വെയ്ക്കുന്ന കൽത്തറ കുത്തി പൊളിക്കാൻ ശ്രമിച്ച നിലയിലാണ്. കേസിൽ ഇടപ്പരിയാരം പേഴുംകാട്ടിൽ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദീപാരാധനയോടനുബന്ധിച്ച ചടങ്ങുകൾക്കായി ചെന്നപ്പോഴാണ് ക്ഷേത്രത്തിന്റെ പകുതിയിലധികവും തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 125 വർഷങ്ങളായി ആരാധിച്ചു വരുന്ന ക്ഷേത്രത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണ്. മുൻപ് പലതവണയും ക്ഷേത്രം തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഹിന്ദു മതസ്ഥരെയും ആചാരങ്ങളെയും ഒന്നടങ്കം കടന്നാക്രമിക്കുന്ന പ്രവണതയാണ് ഇതെന്നും ഇതിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് രഘുത്തമൻ ആവശ്യപ്പെട്ടു.
സംഭവസ്ഥലം കയ്യേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പിന്നാലെ പോലീസ് ഈ വ്യക്തിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.















