ദിസ്പൂർ: അസമിലെ ബോകോട്ട നെമുഗുരി ടീ ഗാർഡനിൽ പഠിക്കുന്ന 16-കാരൻ ഭാഗ്യദീപ് രാജ്ഗഡ് തന്റെ സ്വപ്ന സാക്ഷാത്ക്കാരം ഒരു ദിവസം കൊണ്ട് നിറവേറ്റിയതിന്റെ സന്തോഷത്തിലാണ്. ജില്ലാ കമ്മീഷണർ ആദിത്യ വിക്രം യാദവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരോഹൻ’ പരിപാടിയുടെ ഭാഗമായിട്ടാണ് ഒരു ദിവത്തെ കമ്മീഷണർ പദവി രാജ്ഗഡിനെ തേടി വന്നത്.
അസമിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വസിക്കുന്ന കുട്ടികളെ വിദ്യാഭ്യാസപരമായും മറ്റും മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആരോഹൻ പരിപാടിയിൽ രാജ്ഗഡ് ഊർജസ്വലതയോടെ പങ്കെടുത്തിട്ടുണ്ടായിരുന്നു. വളർന്നു വരുന്ന സാഹചര്യങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുന്ന രാജ്ഗഡിനെ പോലുള്ള കുട്ടികൾക്ക് ഇത്തരം പരിപാടികൾ അവരുടെ ജീവിതത്തെ പിടിച്ചുയർത്താൻ എന്നും സഹായകരമാവുമെന്ന് ജില്ലാ കമ്മീഷണർ അഭിപ്രായപ്പെട്ടു.
അതേസമയം ജില്ലാ കമ്മീഷണർ എന്ന മോഹത്തെ യാഥാർത്ഥ്യമാക്കാൻ പിന്തുണ നൽകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയ്ക്കും ജില്ലാ കമ്മീഷണറിനും അദ്ധ്യാപർക്കും നന്ദി അറിയിച്ച രാജ്ഗഡ് തനിക്ക് ഭാവിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാവാനാണ് താത്പര്യമെന്നും ഇത്തരം പരിപാടികൾ തങ്ങളെ പോലെ ഉൾനാടൻ ഗ്രാമങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.
Comments