കർക്കിടകമാസം ഇലകൾക്ക് പ്രാധാന്യമുള്ള മാസമാണ്, ചിങ്ങം പൂക്കൾക്കും പഞ്ഞമാസമായ കർക്കിടകത്തിൽ തോരാതെ പെയ്യുന്ന മഴയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കും ആശ്വാസം പകരുന്ന പല ഉപായങ്ങളും നമ്മുടെ പഴമക്കാരുടെ കയ്യിൽ ഉണ്ടായിരുന്നു. തണുത്ത കാലാവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധശക്തി കൂടുവാനും, ശരീര വേദന, വാതരോഗങ്ങൾ, എന്നിവ മറികടക്കുവാനുമായി പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും ചേർത്ത് മരുന്നു കഞ്ഞിയും, കൂടെ നമ്മുടെ തൊടികളിലെല്ലാം സുലഭമായി ലഭിക്കുന്ന പത്തുതരം ഇലകൾ തോരൻ വെച്ച് കഴിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.
താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചച്ചീര, ചേമ്പില, ചൊറിയൻ തൂമ്പ, കുമ്പളം, എന്നിവയാണ് സാധാരണയായി പത്തില ഗണത്തിൽപ്പെടുന്നത്. ദേശങ്ങൾ അനുസരിച്ച് മാറ്റമുണ്ടാകാം. പത്തിലത്തോരൻ ഉദരരോഗങ്ങൾക്കും പ്രതിരോധശേഷി കൂടുവാനും വളരെ ഫലപ്രദമാണെന്ന് ആയുർവേദം പറയുന്നു. മരുന്നു കഞ്ഞി. പത്തിലത്തോരൻ. തേങ്ങാമരുന്ന്, ചുക്കുകാപ്പി എന്നിവയാണ് കർക്കിടകത്തിലെ കരുത്ത് എന്ന് പഴമക്കാർ വിശ്വസിച്ചു പോന്നിരുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള പത്തിലകൾക്ക് ഇതിൽ വളരെ പ്രാധാന്യമാണുള്ളത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുക വഴി ദഹനപ്രക്രിയ എളുപ്പമാകുവാൻ ഇലക്കറികൾ സഹായിക്കുന്നു. അതുവഴി നല്ല ശോധനയും ലഭിക്കുന്നു.. തകരയുടെ ഇല നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്. മലബന്ധത്തിനുള്ള ചികിത്സാ മരുന്നുകളിൽ തകരയ്‌ക്ക് മുൻസ്ഥാനം ഉണ്ട്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ ഇലകളാണ് തഴുതാമയ്‌ക്ക്. മൂത്രലോകത്തിനുള്ള ഉത്തമ പ്രതിവിധിയാണ് തഴുതാമ. കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. ഇരുമ്പ് ധാരാളമുള്ള ഇലയാണ് ചീര. വിളർച്ചയ്‌ക്ക് ഉള്ള ഉത്തമ ഔഷധം.
ധാരാളം നാരുകളും. കാൽസ്യം. ഫോസ്ഫറസ്. എന്നിവയും അടങ്ങിയതാണ് ചേനയുടെ ഇല. പയറിന്റെ ഇല ദഹനശക്തി വർദ്ധിപ്പിക്കുകയും കരൾ വീക്കത്തിന് ഉത്തമൗഷധവും കൂടിയാണ്. ചേമ്പിന്റെ ഇലയിൽ ധാരാളം കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാ ഇലകളും ഔഷധം തന്നെ. ഗുണങ്ങൾ പറഞ്ഞാൽ തീരുകില്ല.. ഇലകൾ ഒന്നിച്ചോ, ഓരോന്നോ, മരുന്നു കഞ്ഞിയുടെ കൂടെയോ, അല്ലാതെയോ, കഴിക്കുന്നത് ഉത്തമം തന്നെ,
പലപ്പോഴും നമ്മൾ തൊടികളിൽ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം സസ്യങ്ങൾക്ക് പത്തരമാറ്റുള്ള സ്വർണത്തേക്കാൾ ഗുണമാണുള്ളത് ഇല്ലായ്മയുടെ കാലം കൂടിയാണല്ലോ കർക്കിടകം. മഴക്കാല രോഗങ്ങളും മറ്റു ദുരിതങ്ങളും അനുഭവിക്കുന്ന മനുഷ്യർക്ക് അന്നത്തിന് ഒരു ആശ്വാസമായിരുന്നു പത്തിലകൾ.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/
Comments