കാർഗിൽ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് സ്‌നേഹാഞ്ജലി അർപ്പിക്കുന്നതിനായി ബെംഗളൂരുവിലെ രണ്ട് വിദ്യാർത്ഥികൾ സൈക്കിൾ താണ്ടിയെത്തിയത് 3,200 കിലോമീറ്റർ. കാർഗിൽ വിജയ് ദിവസിൽ ലഡാക്കിലെ യുദ്ധസ്മാരകത്തിലാണ് രണ്ട് കോളേജ് വിദ്യാർത്ഥികൾ എത്തിയത്. ഇവർ 60 ദിവസം സൈക്കിൾ ചവിട്ടി 3,200 കിലോമീറ്റർ താണ്ടിയാണ് ഇവിടേയ്‌ക്ക് എത്തിയത്.
മഴക്കാലമായതിനാൽ തന്നെ പ്രളയക്കെടുതിയും പകർച്ചവ്യാധിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു യുവാക്കളുടെ യാത്ര. പോരാട്ടത്തിനൊടുവിൽ 24-ാം കാർഗിൽ വിജയ് ദിവസിൽ ഇവർ സ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. രാമയ്യ കോളേജിലെ ബിബിഎ വിദ്യാർത്ഥികളായ കൃഷ്ണൻ എയും സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ ബികോം വിദ്യാർത്ഥിയായ പെഡ്ഡി സായി കൗശിക്കുമാണ് ഇവിടേയ്‌ക്ക് എത്തിയിത്. രണ്ട് വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളാണ്. സായുധ സേനയിൽ ചേരുന്നതിനുള്ള പരീക്ഷയാണ് ലക്ഷ്യം.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ആർമി ക്യാപ്റ്റൻ വിജയദന്ത് ഥാപ്പറിന്റെ വീരകൃത്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യാത്ര നടത്തിയതെന്ന് ഇരുവരും പറയുന്നു. സൈനികരുടെ ത്യാഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി നാഷണൽ കേഡറ്റ് കോർപ്‌സ് യൂണിറ്റുകളിലും സന്ദർശനം നടത്തി. മെയിലാണ് പര്യടനം ആരംഭിക്കുന്നത്. വിജയ് ദിവസിന് രണ്ട് ദിവസം മുമ്പ് ലക്ഷ്യസ്ഥാനത്തെത്തി. വിജയ് ദിവസിലെ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഇരുവരുടെയും ആഹ്ലാദത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല.
Comments