ഗെയിമിംഗ് ആരാധകർക്കൊരു സന്തോഷ വാർത്തയുമായിട്ടാണ് ഇൻഫിനിക്‌സ് ഇപ്പോൾ എത്തിരിക്കുന്നത്. ഗെയിമിംഗിന് പ്രാധാന്യം നൽകുന്നവർക്ക് വേണ്ടി നിർമിച്ചിട്ടുള്ള കരുത്തൻ സ്മാർട്ട്‌ഫോണായ ഇൻഫിനിക്‌സ് ജിടി 10 പ്രോ സ്മാർട്ട്‌ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം..
സവിശേഷതകൾ
ഇന്ഫിനിക്‌സ് ജിടി 10 പ്രോ സ്മാർട്ട്‌ഫോണിൽ 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്‌റ്റോറേജുമാണുള്ളത്. ട്രാൻസ്പാരന്റ് ഇഫക്റ്റുള്ള ബാക്ക് പാനലിൽ മിനി എൽഇഡി ലൈറ്റ് സ്ട്രിപ്പും ഡിവൈസിൽ വരുന്നുണ്ട്. ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ആയതിനാൽ തന്നെ ഫോൺ പെട്ടന്ന് ചൂടാകാതിരിക്കാനും ബൈപാസ് ചാർജിംഗിനുമായി ഒരു വേപ്പർ ചേമ്പറും ഫോണിൽ വരുന്നുണ്ട്. മീഡിയാ ടെക് ഡൈമൻസിറ്റി 8050 ചിപ്പ് സെറ്റും 120 Hz റിഫ്രഷ് റേറ്റുമുള്ള അമോലെഡ് സ്‌ക്രീനുമാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. 360 Hz ടച്ച് സാംപ്ലിംഗ് റേറ്റും 6.67-ഇഞ്ച് ഫുൾ എച്ച്ഡി+10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലെയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
വിലയും ഓഫറുകളും
ഇൻഫിനിക്‌സ് ജിടി 10 പ്രോ സ്മാർട്ട്‌ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. സൈബർ ബ്ലാക്ക്, മിറാഷ് സിൽവർ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഫ്‌ളിപ്പ്കാർട്ട് വഴി നിങ്ങൾക്ക് ഈ സ്മാർട്ടഫോൺ വാങ്ങാവുന്നതാണ്. ഇൻഫിനിക്‌സ് ജിടി 10 പ്രോ വാങ്ങുമ്പോൾ ഐസിഐസിഐ, കൊട്ടക് ബാങ്ക് കാർഡുകൾ വഴി പണമിടപാടുകൾ നടത്തുന്ന ആളുകൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിലൂടെ ഫോണിന്റെ വില 17,999 രൂപയായി കുറയുന്നു. ഈ ഫോൺ വാങ്ങുന്ന ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് ചില ഗെയിമിംഗ് ആക്സസറികളും ലഭിക്കുന്നതാണ്.
ക്യാമറ സവിശേഷതകൾ
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റോടു കൂടി വരുന്ന ഇൻഫിനിക്‌സ് ജിടി 10 പ്രോ സ്മാർട്ട്‌ഫോണിൽ 108 മെഗാപിക്‌സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്‌സൽ ക്യാമറ സെൻസറുകളുമാണുള്ളത്. 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് കമ്പനി ഡിവൈസിൽ കൊടുത്തിരിക്കുന്നത്. വിവിധ പ്രവർത്തനങ്ങൾക്കായി ലൈറ്റുകൾ കസ്റ്റംസ് ചെയ്യാനായി ഫോണിന്റെ പിന്നിൽ ക്യാമറ മൊഡ്യൂളിന് അടുത്തായി ഒരു മിനി എൽഇഡി ഇൻഡിക്കേറ്ററുമുണ്ട്.
ബാറ്ററി, കണക്ടിവിറ്റി സവിശേഷതകൾ
ഇൻഫിനിക്‌സ് ജിടി 10 പ്രോ സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററിയും 45 w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമാണുള്ളത്. ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. യു.എസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിപിഎസ്, 5 ജി, ബ്ലൂടൂത്ത് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ടഫോണിൽ അടങ്ങിയിട്ടുണ്ട്.















