ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ സംഘം റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെ മുതൽ പുൽവാമ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പരിശോധന. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. പുൽവാമ, ഷോപ്പിയാൻ, അവന്തിപ്പൊര സെക്ടറുകളിൽ കുറച്ച് ദിവസങ്ങളായി എൻഐഎ പരിശോധന തുടർന്ന് വരുകയാണ്. നേരത്തെ പിടിയിലായ കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം പ്രദേശം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജൻസി കഴിഞ്ഞ ദിവസം നാല് ജില്ലകളിൽ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു .
ശ്രീനഗർ, ബുഡ്ഗാം, കുപ്വാര, പുൽവാമ ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലായിരുന്നു പരിശോധന. നിരോധിത ഭീകര സംഘടനകൾക്ക് ധനസമാഹരണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻജിഒയായ ജമ്മു കശ്മീർ കോളിഷൻ ഓഫ് സിവിൽ സൊസൈറ്റീസുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തിയതായി എൻഐഎ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Comments