ഏത് കാര്യവും മംഗളമായി നടക്കുവാൻ ഗണപതി ഭഗവാന്റെ അനുഗ്രഹം ആവശ്യമാണ്. ഗണങ്ങളുടെ നായകനായതിനാലാണ് ഗണപതി എന്ന പേര് ഭഗവാന് ലഭിച്ചത്. ഗണപതിയുടെ നടയിൽ നാളീകേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം മാറി ശുഭകരമാകും. ഭക്ഷണപ്രിയനാണ് ഭഗവാൻ ഗണേശൻ. അതുകൊണ്ടു തന്നെ വിനായകന് പ്രിയപ്പെട്ട വളരെ മധുരതരങ്ങളായ നിരവധി നിവേദ്യങ്ങൾ ഉണ്ട്.
അട, മോദകം ഉണ്ണിയപ്പം എന്നിവയാണ് ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട നിവേദ്യങ്ങൾ. എന്നാൽ ഗണപതിയ്‌ക്ക് നിവേദ്യമായി അർപ്പിക്കാവുന്ന 12 വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഉണ്ണിയപ്പം
ഭഗവാന് നിവേദിക്കുന്ന പ്രധാന പലഹാരമാണ് ഉണ്ണിയപ്പം. അരിപ്പൊടിയും ശർക്കരയും പഴവും നെയ്യും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.
അട
ദക്ഷിണേന്ത്യൻ വിഭവമാണ് അട. അരിപ്പൊടിയും ശർക്കരയും തേങ്ങയും പഞ്ചസാരയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ തയ്യാറാക്കി എടുക്കുന്ന വിഭവമാണ് അട.
മോദകം
ഗണപതി ഭഗവാന്റെ ഇഷ്ട ഭക്ഷണമാണ് മോദകം. അതിനാൽ തന്നെ ഭഗവാനെ മോദകപ്രിയെനെന്നും പറയുന്നുണ്ട്. വിനായക ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തിലാണ് ഭഗവാന് മോദകം അർപ്പിക്കുന്നത്.
ആവിയില്‍ പുഴുങ്ങി എടുക്കുന്ന മോദകം, വറുത്തെടുത്ത മോദകം തുടങ്ങി വിവിധ രീതിയിലെ മോദകങ്ങളാണ് പ്രസാദമായി അർപ്പിക്കുന്നത്.
ലഡ്ഡു
മോദകം പോലെതന്നെ ഗണപതി ഭഗവാന് ഏറെ ഇഷ്ടമുള്ള മറ്റൊരു ഭക്ഷണമാണ് ലഡ്ഡു. ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ ഒഴുവാക്കാനാവാത്ത ഒന്നാണ് ലഡ്ഡു.
ഭക്തർ ഭഗവാന് തീർച്ചയായും ലഡ്ഡു നിവേദിക്കാറുണ്ട്. എല്ലാ തരത്തിലെ ലഡ്ഡുവും നിവേദിക്കും.
പായസം
മധുര പ്രിയനായ ഗണപതിയുടെ ഭോജനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് പായസങ്ങൾ. എല്ലാ തരത്തിലെ പായസങ്ങളും ഗണപതിയ്‌ക്ക് പ്രസാദമായി നൽകാവുന്നതാണ്.
ഉഴുന്നു വട
ഉഴുന്നു വടയാണ് ഗണപതിയ്‌ക്ക് നിവേദിക്കുന്ന മറ്റൊരു ഭക്ഷണം. ദക്ഷിണേന്ത്യൻ വിഭവങ്ങളിലൊന്നാണ് ഇത്.
ബോളി
തെക്കൻ കേരളത്തിലെ ഒരു മധുര പലഹാരമാണ് ബോളി.
പാൽപായസത്തോടൊപ്പം ഇതും കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. മൈദയും ശർക്കരും നെയ്യും ചേർത്താണ് ബോളി തയ്യാറാക്കുന്നത്.
തേങ്ങ ചോറ്
ഗണേശ ചതുർത്ഥിയ്‌ക്ക് തയ്യാറാക്കുന്ന വളരെ പ്രിയപ്പെട്ട മറ്റൊരു പ്രസാദമാണ് തേങ്ങ ചോറ്. ഇത് വെള്ള ചോറ് തേങ്ങാപ്പാലിൽ കുതിർത്താണ് തയ്യാറാക്കുന്നത്. ഇത് ഗണപതിയുടെ ഇഷ്ടഭോജനങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ്.
പൊങ്കൽ
ഒരു ദക്ഷിണേന്ത്യൻ മധുര പലഹാരമാണ് പൊങ്കൽ. ധാരാളം നെയ്യുപയോഗിച്ചാണ് ഇത് തയ്യാറാക്കുക.
ഇതിൽ റവ, ചെറുപയറ്, പരിപ്പു തുടങ്ങിയവ ചേർത്താണ് പൊങ്കൽ തയ്യാറാക്കുന്നത്. ഗണപതി ഭഗവാന് നിവേദിക്കുന്ന പ്രസാദങ്ങളിൽ മാറ്റി നിർത്താൻ കഴിയാത്തതാണ് പൊങ്കൽ.
സതോരി
മഹാരാഷ്‌ട്രയില്‍ ആഘോഷ വേളകളില്‍ ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് സതോരി. പരന്ന റൊട്ടി പോലെയാണ് ഇത് ഇരിക്കുക.
പാല്‍ ഉത്പന്നങ്ങളായ ഖോയ അല്ലങ്കില്‍ മാവാ ഉപയോഗിച്ച്, നെയ്യും, പാലും, കടലമാവും ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്.
പഴം പുഡ്ഡിങ്ങ്
ഗണപതി ഭഗവാന് നേദിക്കുന്ന മറ്റൊരു പലഹാരമാണ് വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പുഡ്ഡിങ്ങ്. ഇത് റവയും പഞ്ചസാരയും ഒപ്പം ഉടച്ച പഴവും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലാണ് ഈ വിഭവവും നിവേദ്യമായി അർപ്പിക്കുന്നത്.
ശ്രീഖണ്ഡ്
പ്രശസ്തമായ ഒരു മഹാരാഷ്‌ട്ര വിഭവമാണ് ശ്രീഖണ്ഡ്. അരിച്ചെടുത്ത തൈര് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. തൈരിനൊപ്പം ധാരാളം പരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.
Comments