രാമനും സീതയും മാതൃകാ ദമ്പതികളാണ്. പുരുഷനെ നേർവഴിക്കു നയിക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് രാമായണ കഥയിലൂടെ ആദി കവി വ്യക്തമായി പറഞ്ഞു വച്ചിരിക്കുന്നു. ആരണ്യകാണ്ഡം നാലാം സർഗ്ഗത്തിൽ രാമനെ അനുഗമിക്കുന്ന നയകോവിദയായ സീത മര്യാദാപുരുഷോത്തമനായ രാമനോട് പറഞ്ഞു കൊടുക്കുന്ന ഒരു കഥയുണ്ട്.
[ദണ്ഡകാരണ്യത്തിൽ വസിക്കുന്ന മുനിമാരെ രക്ഷിക്കാനായി രാക്ഷസന്മാരെ നിഗ്രഹിക്കാമെന്ന് വാക്കു കൊടുത്ത രാമനോടാണ് സീത സംസാരിക്കുന്നതെന്ന കാര്യം ഓർക്കണം. കഥ പറയും മുമ്പ് കാമത്താൽ ഉണ്ടാകുന്ന അസത്യ കഥനം, പരനാരീഗമനം, വൈരമില്ലാതെയുള്ള നിഗ്രഹം എന്നീ മൂന്ന് വ്യസനങ്ങളെപ്പറ്റി പറയാനും സീത മറക്കുന്നില്ല. ഒരിക്കലും അസത്യ കഥനം നടത്താത്തവനും പരസ്ത്രീ ഗമനം നടത്താത്തവനും, പിതൃ കല്പന അക്ഷരം പ്രതി അനുസരിക്കുന്നവനുമാണെന്ന കാര്യവും അങ്ങ് സത്യധർമ്മങ്ങളുടെ ഉത്ഭവസ്ഥാനവും ജിതേന്ദ്രിയനുമാണെന്ന കാര്യവും രാമനോട് പറയാൻ സീത മടിക്കുന്നില്ല.(തനിക്കു പറയേണ്ട കാര്യം പറയും മുമ്പ് ഭർത്താവിനെ നല്ല വാക്കുകളാൽ പ്രീണിപ്പിക്കുന്ന ഒരു സാധാരണ ഭാര്യയെ ഇവിടെക്കാണാം.)]
പക്ഷിമൃഗാദികളുള്ള ഒരു വൻകാട്ടിൽ നിർമ്മലനും സത്യസന്ധനുമായ ഒരു ഋഷിവര്യൻ ഉണ്ടായിരുന്നു. താപസികളുടെ തപസ്സിനെ എന്നും ഭയപ്പെട്ടിരുന്ന ദേവേന്ദ്രൻ ഇദ്ദേഹത്തിന്റെ തപസ്സിന് ഭംഗം വരുത്താനായി തീരുമാനിച്ചു. ഒരു യോദ്ധാവിന്റെ വേഷത്തിൽ ആ ഋഷിവര്യനെ സമീപിച്ച ഇന്ദ്രൻ ഒരു മൂർച്ചയുള്ള വാൾ കുറച്ചു നാളത്തേക്ക് സൂക്ഷിക്കാനേല്പിച്ചു.
തന്നെ ഏല്പിച്ച സാധനം സൂക്ഷിക്കാനായി അദ്ദേഹം എപ്പോഴുമത് കയ്യിൽ കൊണ്ടു നടന്നു. ഇടയ്‌ക്കിടക്ക് ഭംഗിയുള്ള വാളിന്റെ മൂർച്ച പരിശോധിക്കാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. ഇതോടെ തപോനിഷ്ഠ കുറയുകയും ഹിംസയിലേക്ക് മനസ്സ് തിരിയുകയും ചെയ്തു. പിന്നെപ്പിന്നെ മൃഗങ്ങളെ വധിക്കുന്നത് അദ്ദേഹത്തിന് ഒരു ഹരമായി മാറി. ശസ്ത്രസംസർഗ്ഗം കൊണ്ട് അധർമ്മചാരിയായി തീർന്ന ആ ഋഷിവര്യൻ ഒടുവിൽ നരകത്തിൽ പതിച്ചു.
അതു കൊണ്ട് അല്ലയോ ആര്യപുത്രാ അങ്ങ് താപസ വേഷധാരിയാണെങ്കിലും ആയുധങ്ങൾ കയ്യിലേന്തുന്ന ക്ഷത്രിയനാണ്. ആയുധപാണിയായ സ്വസഹോദരനുമായി പോകുമ്പോൾ ക്ഷാത്രവീര്യമുയരും. ഈ കാനനത്തിൽ അസുരന്മാരെ പലയിടത്തും കണ്ടുമുട്ടിയെന്നു വരും. നമുക്ക് ദ്രോഹം ചെയ്യാത്തവരെ നിഗ്രഹിക്കരുതെന്ന കാര്യം അങ്ങു ശ്രദ്ധിക്കണം. വനവാസികളായ ആർത്തന്മാരെ രക്ഷിക്കുക എന്ന ക്ഷാത്രധർമ്മം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ചെയ്യരുതെന്നും സീത ഓർമ്മിപ്പിക്കുന്നു. ധർമ്മമൂർത്തിയായ അങ്ങയോട് ധർമ്മം ഉപദേശിക്കാൻ താൻ യോഗ്യയല്ലെന്നും സീത പറയുന്നുണ്ട്.
സീതയുടെ മഹത്തായ ഈ ഉപദേശം കേട്ട രാമനാകട്ടെ പുഞ്ചിരിയോടെ സീതയുടെ വാക്കുകളെ പുകഴ്‌ത്തിക്കൊണ്ട് നേരിട്ട് തെറ്റു ചെയ്യാത്ത യാതൊരാളെയും താൻ വധിക്കുകയില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നു.
അന്നും ഇന്നും പുരുഷന്മാരെ അധർമ്മ പ്രവൃത്തികളിൽ നിന്നും പിന്തിരിപ്പിക്കുന്നത് സ്ത്രീകളാണ്. അത് അമ്മയാകാം, പത്നിയോ, സഹാേദരിയോ ആകാം. അയൽവാസിയോട് കയർക്കുകയോ അക്രമിക്കുകയോ ചെയ്യുമ്പോളൊക്കെ “വേണ്ട മനുഷ്യ, നിങ്ങൾ ഒന്നും പറയാൻ പോകേണ്ട” എന്നു പറയുന്ന ‘സീതയുടെ’ മനസ്സ് ഓരോ സ്ത്രീയിലുമുണ്ടെന്ന് കണ്ടറിഞ്ഞ ആദികവിയെ നമസ്ക്കരിക്കുന്നു.
ഒപ്പം ആയുധം കയ്യിൽ കരുതുന്നതിന്റെ അപകടവും കാട്ടിത്തരുന്നു. മനസ്സിൽ ഭയമുണ്ടാകുമ്പോഴാണ് കയ്യിൽ ആയുധം കരുതുക. (തങ്ങൾ ആക്രമിക്കപ്പെടുമോ എന്നു ഭയമുളള ജന്തുക്കളാണ് മറ്റുള്ളവരെ ആക്രമിക്കുക.) മറ്റുള്ളവർ ആക്രമിക്കുമോ എന്ന ഭയം മൂലം എല്ലാ രാജ്യങ്ങളും ആയുധങ്ങൾ സംഭരിച്ചു വയ്‌ക്കുന്ന ഈ കാലത്ത് സീതയിലൂടെ രാമന് ലഭിക്കുന്ന ഈ ഉപദേശത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവൻ ഏറെ പഠിക്കുവാനുള്ള ഇത്തരം കഥാസന്ദർഭങ്ങളുള്ള ആദി കാവ്യം കൂടുതൽ വായിക്കപ്പെടാനും കഥകൾ മനനം ചെയ്യുവാനും പൊരുൾ തേടുവാനും ഈ രാമായണ മാസം ഉതകട്ടെ.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments