മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിന് വേണ്ടി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനാൽ ചിത്രത്തിന്റെ ഓരോ അപഡേഷനുകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവെയ്ക്കുകയാണ് മോഹൻലാൽ.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഡിസംബറിലെത്തുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റെക്കോർഡിംഗ് ഭാഗങ്ങൾ അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായതായും താരം അറിയിച്ചു. ചിത്രത്തിന്റെ ബാക്കിയുള്ള നിർമ്മാണങ്ങൾ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് നടക്കുന്നത്. സിനിമയുടെ സ്പെഷ്യൽ എഫക്ട്സ് ഇന്ത്യയിലും തായ്ലന്റിലുമായാണ് നടക്കുക. സിനിമയുടെ മറ്റ് ജോലികൾ പൂർത്തിയായെന്നും ഡിസംബറിൽ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും മോഹൻലാൽ പറഞ്ഞു.
2023-ൽ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഫാന്റസി ചിത്രമായതിനാൽ ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ‘ബറോസ്’ ഒരിക്കിയിരിക്കുന്നത്. 2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. 2021 മാർച്ച് 24-നായിരുന്നു ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച്. 170 ദിവസത്തോളമാണ് ചിത്രീകരണം നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.















