പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായതും ഏറെ സ്വീകാര്യത നേടിയതുമായ സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു ‘കോയി മിൽ ഗയ’. ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രം വരച്ചുകാട്ടിയത്.
ഇപ്പോഴിതാ കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും വേണ്ടി ‘കോയി മിൽ ഗയ’ എന്ന സയൻസ് ഫിക്ഷൻ, സിനിമയുണ്ടാക്കുക എന്ന ആശയം തനിക്ക് ലഭിച്ചത് അന്യഗ്രഹജീവിയെ അവതരിപ്പിക്കുന്ന ഒരു ആനിമേഷൻ പരിപാടിയുടെ ആരാധികയായിരുന്ന തന്റെ ചെറുമകളിൽ നിന്നാണ് എന്ന് സംവിധായകൻ രാകേഷ് റോഷൻ പറയുന്നു.
‘ഒരു ദിവസം എന്റെ ചെറുമകൾ സുരനിക (സുനൈന റോഷന്റെ മകൾ) ഒരു അന്യഗ്രഹജീവിയെ ചിത്രീകരിച്ച ഒരു കാർട്ടൂൺ കാണുന്നത് നിരീക്ഷിച്ചപ്പോഴാണ് കോയി മിൽ ഗയ എന്ന സിനിമ നിർമ്മിക്കാനുള്ള ആശയം എന്നിൽ ഉടലെടുത്തത്. എനിക്ക് പെട്ടെന്ന് കൗതുകം തോന്നി, അവൾക്ക് ഈ ആശയം മനസ്സിലായോ എന്ന് കൗതുകത്തോടെ അവളോട് ചോദിക്കുകയും അവൾ വിശദീകരിക്കുകയും ചെയ്തു . അങ്ങനെ യാണ് കോയി മിൽ ഗയ ചിത്രത്തിന്റെ കഥ പിറന്നത്. അവളുടെ പ്രായത്തിലുള്ള ഒരു കുട്ടിയ്‌ക്ക് അന്യഗ്രഹജീവി എന്താണെന്ന് മനസ്സിലാക്കുക മാത്രമല്ല, സയൻസ് ഫിക്ഷൻ ആശയം രസിപ്പിക്കുന്നതായി തോന്നുകയും ചെയ്തതിൽ ഞാൻ അത്ഭുതപ്പെട്ടു,’ -രാകേഷ് റോഷൻ പറഞ്ഞു.
ഹൃത്വിക് റോഷനും പ്രീതി സിന്റയും കേന്ദ്രകഥാപാത്രങ്ങളായി വന്ന് വെള്ളിത്തിരയിൽ വിസ്മയം തീർത്ത ചിത്രമാണ് ‘കോയി മിൽ ഗയ’. ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. 2003 ആഗസ്റ്റ് എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. അന്ന് 35 കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു.
രേഖ, പ്രേം ചോപ്ര ജോണി ലിവർ, രജത് ബേദി, ബാലതാരങ്ങളായ ഹൻസിക മോട്വാനി, അനുജ് പണ്ഡിറ്റ് ശർമ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, 20 വർഷത്തിന് ശേഷം ഇന്നലെ വീണ്ടും തിയേറ്ററുകളിൽ കോയി മിൽ ഗയ റീറിലീസ് ചെയ്തു. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ചിത്രം റീറിലീസ് ചെയ്തത്.
Comments