രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ലക്ഷ്യത്തിലെത്താൻ ഇനി നാല് ചുവടുകൾ മാത്രം. കഴിഞ്ഞദിവസം ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്‌ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കും. ഓഗസ്റ്റ് 14-നും, 16നും മൂന്ന് നാല് ഭ്രമണപഥം താഴ്‌ത്തൽ നടക്കും. ചന്ദ്രോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷമായിരിക്കും സേഫ് ലാൻഡിങ്ങിനായിള്ള ഒരുക്കങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗിന് പദ്ധതിയിട്ടിരിക്കുന്നത്.
ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തിയതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുന്നത്. ഓഗസ്റ്റ് 17-നാകും ഈ നിർണായക ഘട്ടം നടക്കുന്നത്.
പ്രൊപ്പൽഷൻ മൊഡ്യൂൾ നേരത്തെയുള്ള ഭ്രമണപഥത്തിൽ തുടരും. ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ അടുത്ത ദൂരവും, നൂറ് കിലോമീറ്റർ ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടെ നിന്നാകും സോഫ്റ്റ് ലാൻഡിങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുക.
അതേസമയം ചാന്ദ്രപഥത്തിലേക്ക് പ്രവേശിച്ച ചന്ദ്രയാൻ-3 ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആദ്യ ചുവട് വെച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചായിരുന്നു ഭ്രമണപഥ മാറ്റം യാഥാർത്ഥ്യമാക്കിയത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഇന്ധനങ്ങൾ നാല് മിനിറ്റോളം ജ്വലിപ്പിച്ച് പേടകത്തിലെ രണ്ടാം എൻജിനുകൾ പ്രവർത്തിപ്പിച്ചായിരുന്നു ഭ്രമണപഥം താഴ്‌ത്തൽ. ഇതോടെ ചന്ദ്രയാൻ-3 ചന്ദ്രന് 170 കിലോമീറ്റർ അടുത്തും 43,13 കിലോമീറ്റർ അകലത്തിലും വരുന്ന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് നടത്തിയ ശ്രമം പൂർണ്ണ വിജയമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.















