കല്യാണ വീടുകളിൽ ഉൾപ്പെടെ വീഡിയോ എടുക്കുന്നതിനായി ഡ്രോണുകൾ പറത്തുന്നത് ഇപ്പോഴിതാ സാധാരണമായി മാറിയിരിക്കുകയാണ്. ഇതിന് പുറമേ ആകാശ നിരീക്ഷണം രക്ഷാപ്രവർത്തനം ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം, അഗ്നിശനമ സേന, ഡ്രോൺ ഫോട്ടോഗ്രഫി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കും ഡ്രോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ ചില നിയന്ത്രണങ്ങളുണ്ട് എന്നത് സംബന്ധിച്ച ധാരണയൊന്നും പലർക്കും ഉണ്ടാകില്ല.
കല്യാണ വിടുകളിലൊ ഗാനമേളകളിലൊ പൊതുയോഗത്തിലോ ആകട്ടെ ഡ്രോൺ പറത്തുന്നതിന് ലൈസൻസ് ആവശ്യമാണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമാനുസൃതം ഡിജിസിഎ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആണ് ഡ്രോൺ പറത്തുന്നതെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകരമാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡ്രോൺ റൂൾസ് 2021 ലെ ഓപ്പറേഷൻ ഓഫ് അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് നാലാമത്തെ പാർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. എന്നാൽ പലർക്കും ഇതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ഡ്രോൺ പ്രവർത്തിപ്പിക്കാറുണ്ട്.
നിയമലംഘനം പിടിക്കപ്പെട്ടാൽ വലിയ തുകയായിരിക്കാം പിഴയായി അടയ്‌ക്കേണ്ടി വരിക. ഏത് വലിപ്പത്തിലുള്ള വാണിജ്യ ഡ്രോൺ പറത്തുന്നതിനും റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ലൈസൻസ് നേടുന്നതിനായി ആദ്യം ചെയ്യേണ്ടത് ഒരു ഡിജിസിഎ അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നും ഡ്രോൺ പറത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നേടുക എന്നതാണ്. പരിശീലനം കഴിഞ്ഞ് ഡിജിസിഎ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നേടണം.















