മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളായിരുന്നു മാളികപ്പുറവും 2018-ഉം. രണ്ട് സിനിമകൾക്കും പിന്നിൽ ഒരേ നിർമ്മാതാക്കൾ. കൊറോണ പ്രതിസന്ധി കാലഘട്ടത്തിന് ശേഷം അടിമുടി തകർന്ന മലയാള സിനിമാ മേഖലയെ താങ്ങി നിർത്തിയതും കേരളത്തിലെ തിയറ്ററുകളിൽ ജനസാഗരം തീർത്തതും ഈ രണ്ട് സിനിമകളായിരുന്നു. ജനപ്രിയ ചിത്രങ്ങൾ ഏതെന്ന് ചോദിച്ചാൽ മലയാളികൾക്ക് മറ്റ് ഉത്തരങ്ങളില്ല. ഇപ്പോഴിതാ, 2018-നെയും മാളികപ്പുറത്തെയും വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ. 2018-ന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
‘ഈ വർഷം മലയാള സിനിമയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകൾ പൊട്ടിപോകുന്ന അവസരത്തിൽ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. ഒന്ന് മാളികപ്പുറവും ഒന്ന് 2018. ഈ രണ്ട് സിനിമകൾ ഇല്ലായിരുന്നെങ്കിൽ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് തമാശ പറയുന്നതല്ല. എനിക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോൺ അടയ്‌ക്കാൻ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും കേരളത്തിൽ ഉണ്ടായിരുന്നു’.
‘മലയാള സിനിമയ്‌ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത്. രണ്ട് സിനിമകളും നൽകിയതിന് നിർമ്മാതാക്കളായ വേണു കുന്നിപ്പിള്ളിയോടും ആന്റോ ജോസഫിനോടും നന്ദി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി 2018 മാറി. ഈ സിനിമ കളക്ട് ചെയ്ത പോലെ വേറെ ഒരു സിനിമയും പണം വാരിയിട്ടില്ല. ഇതിന് മുമ്പും നൂറ് കോടി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമ വേറെയില്ല. മാമാങ്കം എടുത്ത് കുറേ വിമർശനങ്ങൾ നേരിട്ടുവെങ്കിലും അതിൽ നിന്നെല്ലാം പാഠം പഠിച്ചു കൊണ്ട് നല്ല രണ്ട് സിനിമകൾ വേണു ചെയ്തു. അതിന് അദ്ദേഹത്തിന് നന്ദി’-സുരേഷ് കുമാർ പറഞ്ഞു.
Comments