‘ഞാൻ ഒരു തവണ കുത്തിയാൽ അത് നൂറ് തവണ കുത്തിയമാതിരി’.. ഈ കടന്നലുകളുടെ കുത്തേറ്റാൽ വേദനയല്ല, പക്ഷാഘാതം വരെ സംഭവിച്ചേക്കാം..
പറമ്പിലോ, പാടത്തോ സാധാരണയായി പോകുന്നവരാണെങ്കിൽ ഒരു തേനീച്ചയുടെയോ, കടന്നല്ലിന്റെയോ കുത്ത് കിട്ടാത്തവർ ചുരുക്കമാണ്. കിട്ടി കഴിഞ്ഞാലോ നരകം കാണുമെന്ന കാര്യവും ഉറപ്പാണ്. ചെറിയ വിഷാംശം അടങ്ങിയിട്ടുള്ള ഇവയുടെ കുത്ത് കിട്ടുകയാണെങ്കിൽ തന്നെ നമ്മൾ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ചു നോക്കുകയാണ് പതിവ്. കൂട്ടത്തോടെ ഈ പ്രാണികൾ ആക്രമിച്ച് കഴിഞ്ഞാൽ അത് മരണത്തിലേക്ക് നയിക്കുമെന്ന കാര്യത്തിലും സംശയമില്ല. എന്നാൽ ഇനി നമ്മൾ അറിയാൻ പോകുന്നത് ഒറ്റക്ക് പോരാടാൻ കഴിവുള്ള ടെറാന്റുല കടന്നൽ എന്ന വിരുതനെയാണ്. ഇവന്റെ കുത്തേറ്റാൽ രണ്ടു മാസത്തിലധികം നീണ്ടു നിൽക്കുന്ന പക്ഷാഘാതത്തിലേക്കും ഇത് നയിച്ചേക്കാം..
അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ടെറാന്റുല വിഭാഗത്തിൽപ്പെടുന്ന കടന്നലുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അമേരിക്കൻ ബയോളജിസ്റ്റുകൾ ഇവയുടെ കുത്തിന്റെ ശക്തി കാണിച്ചു തരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയിൽ വിദഗ്ധർ ടെരാന്റുല കടന്നല്ലിന്റെ കുത്തേറ്റ ചിലന്തിയുടെ അവസ്ഥയാണ് കാണിച്ചിരിക്കുന്നത്. കടന്നലിന്റെ കുത്തേറ്റ ചിലന്തി പക്ഷാഘാതമേറ്റ നിലയിലേക്ക് പോവുകയും കൈകാലുകൾ ചലിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. തുടർന്ന് ചിലന്തിക്ക് ബയോളജിസ്റ്റുകൾ വെള്ളം കൊടുക്കുന്നതും ദൃശ്യത്തിൽ കാണാം. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടത്.















