ഓണം ഇങ്ങ് അടുത്തു. ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഉപ്പേരിയും ശർക്കര വരട്ടിയും ഒന്നുമില്ലാതെ എന്ത് ഓണമാണ് മലയാളിയ്ക്ക്. എന്നാൽ സദ്യയിലെ മുൻപനായ അച്ചാറിന്റെ കാര്യം അങ്ങനെയല്ല, ആഘോഷം ആയാലും അല്ലെങ്കിലും മലയാളി വീട്ടിൽ സ്ഥിരമാണ് അച്ചാർ. മാങ്ങാ, നാരങ്ങ, നെല്ലിക്ക, ബീറ്റ്റൂട്ട്, മീൻ, ഇറച്ചി എന്ന് തുടങ്ങി എന്തും അച്ചാറിടുന്ന അമ്മമാരുണ്ട്. രുചിയിലും അച്ചാറുകൾ തമ്മിൽ വമ്പൻ പോരാട്ടമാണ്. ഇനി അച്ചാറിടുമ്പോൾ ആരും പരീക്ഷിക്കാത്ത ഒരെണ്ണം ട്രൈ ചെയ്താലോ? ഇത്തവണ തേങ്ങാക്കൊത്ത് കൊണ്ടാകാം അച്ചാർ.
ആവശ്യമായ ചേരുവകൾ
തേങ്ങക്കൊത്ത് -ഒരു കപ്പ് (250 ഗ്രാം)
മുളക് പൊടി-3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -ഒരുടീസ്പൂൺ
ഉലുവ പ്പൊടി-ഒരുടീസ്പൂൺ
കായം-ഒരുടീസ്പൂൺ
ഉപ്പ്- പാകത്തിന്
വിനാഗിരി – പാകത്തിന്
കടുക്-ഒരു ടീസ്പൂൺ
കറിവേപ്പില- രണ്ടു തണ്ട്
നല്ലെണ്ണ- നാല് ടേബിൾ സ്പൂൺ
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി-ഒരു കഷണം
തയ്യാറാക്കുന്ന വിധം:
കടുക് മൂപ്പിച്ച് അതിലേക്ക് കറിവേപ്പിലയും ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കഴുകി അരിഞ്ഞ് വെച്ചിരിക്കുന്ന തേങ്ങക്കൊത്ത് പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുത്തു മാറ്റി വയ്ക്കുക. തുടർന്ന് വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക.ഇത് വഴന്നു വരുമ്പോൾ അതിലേക്ക് മുളക് പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന തേങ്ങക്കൊത്ത് കൂട്ട് ചേർത്ത് ഒരു മിനിറ്റ് മൂടി വച്ച് വേവിക്കുക.ആവശ്യമെങ്കിൽ അൽപം തിളപ്പിച്ചാറിയ വെള്ളം ചേർക്കാം.വെന്ത് വരുമ്പോൾ വിനാഗിരി കൂടി പാകത്തിന് ചേർക്കുക. ശേഷം ഇതിലേക്ക് കായപ്പൊടിയും ഉലുവപ്പൊടിയും ചേർത്ത് ഇളക്കുക.പത്ത് മിനിറ്റിന് ശേഷം മൂടി തുറക്കുക. മൂപ്പധികം ഇല്ലാത്ത തേങ്ങയാണ് ഈ അച്ചാറിന് നല്ലത്. അധികം മൂത്ത തേങ്ങ അച്ചാറിട്ടാൽ അത്ര രുചിയുണ്ടാവില്ല.
മനുഷ്യർക്ക് ഉപജീവനത്തിന് ആവശ്യമായ എല്ലാം നൽകുന്ന കല്പവൃക്ഷമാണ് തെങ്ങ്. ആരോഗ്യപരിപാലനത്തിൽ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തേങ്ങ. ഗുണത്തിനുമപ്പുറം നിരവധി ഗുണങ്ങളാണ് ഇത് നൽകുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന നാരുകൾ, പ്രോട്ടീനുകൾ, കാർബോഹൈേ്രഡറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിലടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യതകളം കുറയ്ക്കാൻ തേങ്ങയ്ക്കാകുന്നു. വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ത്വരിതപ്പെടുത്തി പ്രമേഹ സാധ്യതകളും കുറയ്ക്കുന്നു.
Comments