ലോകത്ത് നിരവധി മ്യൂസിയങ്ങളുണ്ട് . ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്. എന്നാൽ കുരുക്ഷേത്രയിൽ വളരെ വ്യത്യസ്തമായൊരു മ്യൂസിയമുണ്ട് . അവിടെ കാണാനാകുന്നത് ഭാരതത്തിന്റെ സാംസ്ക്കാരിക , പൈതൃകങ്ങളുടെ നേർക്കാഴ്‌ച്ചയാണ് . ധർമ്മനഗരി കുരുക്ഷേത്രയിൽ നിർമ്മിച്ച ശ്രീകൃഷ്ണ മ്യൂസിയം, ശ്രീകൃഷ്ണനെയും മഹാഭാരതത്തെയും പൂർണ്ണമായും അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏക മ്യൂസിയമാണ്.
മഹാഭാരതത്തെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും ലോകത്ത് ഒരിടത്തും ഇതുവരെ ഒരു മ്യൂസിയം നിർമ്മിച്ചിട്ടില്ല. ബ്രഹ്മസരോവർ കുരുക്ഷേത്രയിൽ നിന്ന് അൽപം അകലെ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ മ്യൂസിയം പൂർണമായും ശ്രീകൃഷ്ണനിൽ അർപ്പിച്ചിരിക്കുന്നതാണ് . ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് ഈ മ്യൂസിയം ഏറെ പ്രത്യേകതയുള്ളതായി മാറുന്നതും . ഈ മ്യൂസിയത്തിൽ ശ്രീകൃഷ്ണനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. മഹാഭാരത യുദ്ധത്തെക്കുറിച്ചും പൊതുവായി ലഭ്യമല്ലാത്ത നിരവധി വിവരങ്ങളുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ ഗീതാ ഉപദേശങ്ങൾ, കുരുക്ഷേത്രയിലെ നടന്ന യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ, യുദ്ധസമയത്ത് നടന്ന എല്ലാ സംഭവങ്ങളുടെയും വിവരണം എല്ലാം ഇവിടെ കാണാം.
ആന്ധ്രാപ്രദേശിലെ കലംകാരി മുതൽ ഒഡീഷയിലെ പാട് ചിത്ര വരെ നെൽചിത്രങ്ങളായി ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ദ്രാവിഡ ശൈലിയിലും ഉത്തരേന്ത്യൻ ശൈലിയിലും, നിർമ്മിച്ച ശിൽപങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ജനനം മുതൽ ദ്വാരകയിലെ ജീവിതം വരെയുള്ള എല്ലാ രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു . ഇതുകൂടാതെ സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മൾട്ടിമീഡിയ മഹാഭാരതം എന്നും ഗീത ഗാലറികൾ എന്നും അറിയപ്പെടുന്ന രണ്ട് ഭാഗങ്ങൾ കൂടി ഇവിടെയുണ്ട്.















