പ്രിയതാരങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ വളരെ ആവേശത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്. സൂപ്പർസ്റ്റാറുകളുടെ പഴയകാല ചിത്രങ്ങൾക്ക് വലിയ ജനപ്രീതി ലഭിക്കുന്നതും പതിവാണ്. അത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് നടൻ മോഹൻലാലിന്റെ ഒരു അപൂർവ്വ ഫോട്ടോയാണ്.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ വെള്ളിത്തിരയിലേക്ക് എത്തുന്നതിന് മുമ്പുള്ള ഒരു ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. മസിൽ പെരുപ്പിച്ച് ഒരു പറ്റം ചെറുപ്പക്കാർക്കിടയിൽ നിൽക്കുന്ന ചിത്രമാണിത്. 1977-78 കാലഘട്ടത്തിലെ ഫോട്ടോയാണിതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു ഫിറ്റ്നസ്സ് ചിത്രം വൈറലായിരുന്നു. അതിനു പിന്നാലെയാണ് പഴയകാല ചിത്രവും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയെടുത്തത്. “പഴയ സ്റ്റേറ്റ് റസ്ലിംഗ് ചാമ്പ്യന്റെ വീര്യമൊന്നും ഒട്ടും ചോർന്നു പോയിട്ടില്ല,” എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം ഫാൻസ് പേജുകളും ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്റർനെറ്റിൽ വൈറലാണ് ചിത്രം.















