ഹൈദരാബാദ്: കാമുകിയുടെ ആഗ്രഹം സഫലമാക്കാനെത്തിയ കാമുകന് നഷ്ടമായത് സ്വജീവൻ. ഹൈദരാബാദ് സ്വദേശിയായ 20-കാരൻ മുഹമ്മദ് ഷൊഹാബാണ് മരണത്തിന് കീഴടങ്ങിയത്. കാമുകിയ്‌ക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് എത്തിയത് കണ്ട് ഒളിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് യുവാവ് മരിച്ചത്.
മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നിയതിന് പിന്നാലെ കേബിളുകളിൽ തൂങ്ങി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ കഴുത്തൊടിയുകയായിരുന്നു. അപകട വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചതിന് പിന്നാലെ യുവാവിന്റ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ചികിത്സയ്‌ക്കിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി.















