ന്യൂഡൽഹി: പശ്ചിമ ബംഗാൾ സന്ദർശിക്കാനൊരുങ്ങി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ത്രിദിന സന്ദർശനത്തിനായി ഇന്ന് രാത്രിയോടെയാണ് അദ്ദേഹം ബംഗാളിലെത്തുക. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം, വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
തെക്കുകിഴക്കൻ മേഖല സമ്മേളനം പശ്ചിമ ബംഗാളിൽ നാളെയാണ് നടക്കുക. ആൻഡമാൻ നിക്കോബാർ, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ 134 തൊഴിലാളി പ്രതിനിധികളും ജില്ലാ കൗൺസിൽ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്നു രാത്രി ബംഗാളിലെത്തുന്ന നദ്ദ, തെക്കുകിഴക്കൻ മേഖലയിലെ പാർട്ടി ഭാരവാഹികളുമായുള്ള യോഗത്തിൽ പങ്കെടുക്കും. അദ്ദേഹത്തിനൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വീഡിയോ കോൺഫറൻസിന്റെ ഭാഗമാകും.
സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച്ച, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ബംഗാൾ ബിജെപി ഭാരവാഹികളുമായി ജെ.പി നദ്ദ പ്രത്യേകം യോഗം ചേരും. അന്നേ ദിവസത്തെ പഞ്ചായത്ത് രാജ് സമ്മേളനത്തിന് മുമ്പ്, ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ജീവൻ നഷ്ടപ്പെട്ട പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുകയും പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
Comments