തെന്നിന്ത്യൻ റൊമാന്റിക് ഹീറോ വിജയ് ദേവരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിലെത്തുന്ന കുഷി ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷനിലാണ് താരങ്ങളിപ്പോൾ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിജയ് ദേവരകൊണ്ട നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തന്റെ വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്ന് വിജയ് അഭിമുഖത്തിൽ പറഞ്ഞു. വിവാഹ ജീവിതം വേണമെന്നത് താനും ഇപ്പോൾ ആഗ്രഹിച്ച് തുടങ്ങിയിരിക്കുകയാണെന്നും നടൻ പറയുന്നുണ്ട്.
‘വിവാഹം എന്ന ഐഡിയയുമായി ഇപ്പോൾ ഞാൻ യോജിക്കുന്നുണ്ട്. ഇതിന് മുമ്പ് വിവാഹം എന്ന കാര്യം എനിക്ക് ചുറ്റും നിന്നും ആരെങ്കിലും പറയുന്നത് കേട്ടാൽ പെട്ടെന്ന് പ്രകോപിതനാവുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനെ അല്ല. ഇന്ന് ഞാൻ ആ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കൾ വിവാഹിതരായികുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോൾ അവരുടെ ജീവിതം കണ്ട് ഞാൻ സന്തോഷിക്കുകയാണ്. നല്ല ദാമ്പത്യ ജീവിതം കാണാൻ എനിക്ക് ഇഷ്ടമാണ്.
അതുപോലെ തന്നെ എനിക്ക് ഒരു ദാമ്പത്യ ജീവിതം ഉടനെ ഉണ്ടാകും. കുറച്ചുകാലമായി ഞാൻ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു പക്ഷെ, രണ്ട് വർഷത്തിനുള്ളിൽ അത് ചിലപ്പോൾ സംഭവിച്ചേക്കാം… എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം.’- വിജയ് ദേവരകൊണ്ട പറഞ്ഞു.















