കൺകുളിർക്കേ ആകാശത്തേയ്‌ക്ക് നോക്കിയാൽ ഇന്ന് ഉൽക്ക മഴ കാണാം. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്‌സിഡേഴ്‌സ് ഉൽക്കമഴ ഇന്നാണ് കൂടുതൽ ദൃശ്യമാകുക. ഈ വർഷം നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത് കാണാനാകും. മണിക്കൂറിൽ 60 മുതൽ 100 വരെയുളള ഉൽക്കകളാണ് ആകാശത്ത് ഉണ്ടാകുക. ഈ ഉൽക്കകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും എന്നതാണ് സവിശേഷത. ഏറ്റവും വലുതു കൂടുതൽ വ്യക്തവുമാകുന്ന ഉൽക്കകളാണ് ഇന്ന് ദൃശ്യമാകുന്നത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വെളിച്ചമില്ലാത്ത പ്രദേശത്ത് പോയാൽ ഇന്ന് ഉൽക്കമഴ കാണാൻ സാധിക്കും. ഉൽക്കകൾ ഉത്ഭവിക്കുന്ന സ്ഥലമായ റേഡിയൻ എത്ര ഉയർന്നതാണോ അത്രയധികം ഉൽക്കകളെ കാണാനാകും. ഇന്ന് അർദ്ധ രാത്രി മുതൽ പുലർച്ച വരെയാണ് ആകാശത്ത് ഉൽക്കമഴ ദൃശ്യമാകുന്നത്. lightpollutionmap.info അല്ലെങ്കിൽ darksitefinder.com/maps/world.html എന്നീ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഉൽക്ക ദൃശ്യമാകുന്ന ഇടങ്ങൾ കണ്ടെത്താം.
ആകാശത്ത് വടക്ക്- കിഴക്ക് ഭാഗത്തുളള പെഴ്‌സിയൂസിയൻ നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. ഏങ്കിലും കൃത്യമായി ആകാശത്ത് ഏത് ഭാഗത്താണ് ഉൽക്ക പ്രത്യക്ഷപ്പെടുകയെന്ന് പറയാനാകില്ല. ഭൂമിയിൽ എല്ലായിടത്തും ഉൽക്ക വർഷം ദൃശ്യമാകുമെന്നാണ് വാനനീരിക്ഷകർ പറയുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രഹരിക്കുന്ന പാറകഷ്ണങ്ങളും തരികളുമാണ് ഉൽക്കകൾ.















