ഒരു രാജ്യം മുടിപ്പിക്കാൻ ഞണ്ടുകൾ തന്നെ ധാരാളം.. അതിന് ഉത്തമോദ്ദാഹരണമാണ് ഇറ്റലിയുടെ നിലവിലെ അവസ്ഥ. അപകടകാരികളും ആക്രമണകാരികളുമായ നീല ഞണ്ടുകൾ ഇറ്റലിയെന്ന രാജ്യത്തിന് മുഴുവൻ ഭീഷണിയുയർത്തിയതോടെ വെട്ടിലായിരിക്കുകയാണ് ഭരണകൂടം. കോടിക്കണക്കിന് രൂപ ചിലവിട്ട് ഇവയെ തുരത്താനുള്ള ശ്രമത്തിലാണ് നിലവിൽ അധികൃതർ.
2.9 മില്യൺ യൂറോ അഥവാ 3.2 മില്യൺ ഡോളർ തുകയാണ് നീല ഞണ്ടുകളുടെ പിടിച്ചുകെട്ടാൻ സർക്കാർ മുടക്കിയത്. പടിഞ്ഞാറൻ അറ്റ്‌ലാന്റിക്കിൽ നിന്ന് ഉത്ഭവിച്ച പ്രശ്നക്കാരായ ഈ ഞണ്ടുകൾ ഇറ്റലിയിലെ ഒട്ടുമിക്ക മേഖലകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. പ്രശ്‌നബാധിത മേഖലകളിലൊന്നായ ഇറ്റലിയിലെ പോ-റിവർ താഴ്‌വരയിൽ കാർഷിക മന്ത്രി ഫ്രാൻസെസ്‌കോ ലോല്ലോബ്രിഗിഡ സന്ദർശിച്ചിരുന്നു. എപ്രകാരമാണ് ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതെന്ന് വ്യക്തമല്ലെന്നും കാലാവസ്ഥ വ്യതിയാനമാകാം കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറ്റലിയിലെ തടാകങ്ങളിലും ജലാശയങ്ങളിലും ഇവ വൻ തോതിൽ പെരുകിയിരിക്കുകയാണ്. വ്യാപനം കുറയ്‌ക്കാൻ ഇവയെ പിടികൂടുക മാത്രമാണ് പോംവഴി. അതിനാൽ വലിയ തോതിലുള്ള ഫിഷിംഗ് ക്യാമ്പയിൻ ആണ് രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. ഫിഷിംഗ് കോ-ഓപ്പറേറ്റീവുകൾക്ക് ഇതിനായി വലിയൊരു തുകയും സർക്കാർ കൈമാറിയിട്ടുണ്ട്. നീല ഞണ്ടുകൾ പ്രധാനമായും പ്രാദേശിക ഷെൽഫിഷുകളെയും മറ്റ് ജലജീവികളെയുമാണ് ആഹാരമാക്കുന്നത്. അതിനാൽ ഇവയുടെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആവാസവ്യവസ്ഥയെ പോലും ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കക്ക ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. യൂറോപ്പിൽ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവുമാണ് ഇറ്റലിക്കുള്ളത്. ചൈനയും സൗത്ത് കൊറിയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Comments