കൊച്ചി: വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസിൽ പരാതി നൽകിയത്.
സി.എം.ആർ.എല്ലും ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിറക്കിയ ഉത്തരവ് സഹിതമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഉത്തരവിൽ പരാമർശിക്കുന്ന രാഷ്ട്രീയനേതാക്കൾ, വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.
വീണയ്ക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സി.എം.ആർ.എൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ പകർപ്പ് ഗവർണറടക്കമുളളവർക്കും നൽകിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ തുടർനടപടിയെടുത്തില്ലായെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെന്ന നിലയ്ക്ക് നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാകും മാസപ്പടി വിവാദത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുക.മാസപ്പടി വിവാദം ഗൗരവതരമാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. പിന്നാലെണ് വിവാദവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടത്.
Comments