കടയിൽ നിന്നും പച്ചക്കറികൾ വാങ്ങുമ്പോൾ കേടുള്ളവ ലഭിക്കുന്നതും പുഴുക്കളെ ലഭിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഒരു തവളയെ ലഭിച്ചാൽ എങ്ങനെയുണ്ടാകും? അൽപം ഭയം തോന്നുന്നുണ്ടെങ്കിലും സംഗതി യാഥാർത്ഥ്യമാണ്. മിഷിഗൺ സ്വദേശിയായ ആംബർ വോറിക്കാണ് സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിയ ജൈവ ചീര പാക്കറ്റിനുള്ളിൽ നിന്നും തവളയെ കിട്ടുന്നത്. വാങ്ങിയ സാധനങ്ങൾ വീട്ടിലെത്തി മാറ്റി വെയ്‌ക്കുന്നതിനിടയിലാണ് ആംബർ തവളയെ കാണുന്നത്. ഇതിന്റെ ഫോട്ടോ എടുത്ത് യുവതി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ചർച്ചാ വിഷയമായിരിക്കുകയാണ്.
സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന സമയത്ത് തവളയെ കണ്ടില്ലെന്ന് യുവതി പറയുന്നു. ബില്ലിംഗിന്റെ സമയത്തും പാക്കറ്റ് ഒന്നിലധികം വ്യക്തികളുടെ കൈകളിലൂടെ പോയിട്ടും തവള അനങ്ങിയിട്ടുണ്ടായിരുന്നില്ല. സാധനം സൂപ്പർ മാർക്കറ്റിൽ തിരിച്ചെത്തിച്ച ആംബറിന് കടയുടമ പണം തിരികെ നൽകി. സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ തവളയെ സുരക്ഷിതമായ ഒരിടത്തേക്ക് തുറന്നു വിടുകയും ചെയ്തു.
അതേസമയം എർത്ത് ബൗണ്ട് ഫാംസിന്റെ ചീരയായ ഇത് മൂന്ന് ഘട്ടങ്ങളിലായി കഴുകിയെടുക്കുന്നതാണെന്ന് പാക്കറ്റിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇത് സത്യമല്ലെന്നും പറഞ്ഞ് യുവതി രംഗത്തെത്തിയതോടു കൂടി എർത്ത് ബൗണ്ടിന്റെ മാതൃസ്ഥാപനമായ ടൈലർ ഫാംസ് യുവതിയോട് മാപ്പ് പറയുകയും ചെയ്തു.















