ഇന്ദ്രജിത്തിന്റെ പോരാട്ട വീര്യവുമായി യുദ്ധകാണ്ഡം 41-)o സർഗ്ഗം തുടരുകയാണ്.
രാവണനും സഹോദരന്മാരും രാവണപുത്രന്മാരും തപസ്സ് ചെയ്ത് വരബലം നേടിയവരാണ്. പക്ഷേ പ്രവർത്തി മുഴുവൻ രാക്ഷസർക്കു ചേർന്നതായിപ്പോയി. അപ്പോൾ ഈശ്വരഭജനം ചെയ്തതു കൊണ്ടോ തപസ്സു ചെയ്തതു കൊണ്ടോ ഒരാൾ നന്നാകണമെന്നില്ല. സ്വയം നന്നാകാൻ ശ്രമിക്കാത്ത പക്ഷം ലോകത്തിന് നാശമുണ്ടാകുമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. അഗ്നിയെ വളർത്തി രാജ ഹോമം ചെയ്തിട്ട്, വരദർപ്പിതനായ രാവണപുത്രൻ ശരമാരി പൊഴിച്ചു കൊണ്ട് യുദ്ധക്കളത്തിലെത്തി ശത്രുസംഹാരം തുടങ്ങി. മായയാൽ മറഞ്ഞു നിന്നു കൊണ്ട് വാനര സൈന്യത്തെ പ്രഹരിക്കുകയും ഒപ്പം തന്റെ സഹചരരായ രാക്ഷസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു കൊണ്ടിരുന്നു.
തങ്ങളുടെ ശത്രു എവിടെ നിന്നാണ് ആക്രമിക്കുന്നതെന്നറിയാതെ വാനര സൈന്യം വലഞ്ഞു. ബ്രഹ്മാസ്ത്രത്തെ മാനിക്കേണ്ടതിനാൽ എല്ലാവരും അവശരെപ്പോലെ കിടക്കുക. സന്ധ്യയായതിനാൽ നാമെല്ലാം പരാജയപ്പെട്ടെന്ന് കരുതി രാവണൻ മടങ്ങിപ്പൊയ്‌ക്കൊള്ളുമെന്ന രാമന്റെ വാക്കുകൾ കപികൾ അനുസരിച്ചു. ശത്രുസൈന്യത്തെ മുഴുവൻ ഒടുക്കിയ സംതൃപ്തിയോടെ ഇന്ദ്രജിത്ത് രാവണ സവിധത്തിലേക്ക് മടങ്ങി.
തളർന്നവരായ ശ്രീരാമലക്ഷ്മണന്മാരേയും കപി കുലത്തേയും കണ്ട വിഭീഷണൻ ഒരു പന്തവും കത്തിച്ചു പിടിച്ച് രാത്രിയിൽ ഹനുമാനൊപ്പം യുദ്ധക്കളത്തിലെത്തി. ബ്രഹ്മാസ്ത്ര ബന്ധനമൊഴിയാനായി കിടക്കുകയാണെന്ന് ഹനുമാനെ വിഭീഷണൻ സമാധാനിപ്പിച്ചു. ശബ്ദം കേട്ട് ജാംബവാൻ വിഭീഷണനെ തിരിച്ചറിഞ്ഞു. മാരുതി ജീവിച്ചിരിപ്പുണ്ടോ എന്ന് ജാംബവാൻ ചോദിച്ചു. രാമ ലക്ഷ്മണന്മാരെപ്പറ്റി ചോദിക്കാതെ മാരുതിയെപ്പറ്റി ചോദിക്കാൻ എന്താണു കാരണമെന്ന് വിഭീഷണന്റെ ചോദ്യത്തിന് ഹനുമാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ എല്ലാവരും രക്ഷപ്പെട്ടതായി കരുതാം എന്നായിരുന്നു മറുപടി. ഈ വാക്കുകൾ കേട്ട ഹനുമാൻ ജാംബവാന്റെ മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. കൈലാസ സാനുക്കളിൽ പോയി മിന്നിത്തിളങ്ങുന്ന മൃതസഞ്ജീവിനി, വിശല്യകരണി, സാവർണ്യകരണി, സന്ധാനകരണി എന്നീ ദിവ്യൗഷധികൾ കൊണ്ടുവരാൻ ഹനുമാനെ ചുമതലപ്പെടുത്തി.
ഭീമാകാരമായി വളർന്ന ഹനുമാൻ മലയ പർവ്വതത്തിലേക്ക് ചാടിക്കയറി ഉത്തര ദിക്കിലേക്ക് പറന്നു പോയി. എന്നാൽ ഹനുമാന് മരുന്നുകൾ കണ്ടെത്താനായില്ല. മരുന്നുകളുണ്ടെന്നു പറഞ്ഞ ആ പർവ്വതശിഖരം തന്നെ കുത്തിപ്പറിച്ചെടുത്തു കൊണ്ട് മാരുതി വായുവേഗത്തിൽ യുദ്ധക്കളത്തിലെത്തി. ദിവ്യൗഷധങ്ങളുടെ കാറ്റു തട്ടിയ മാത്രയിൽ വാനരന്മാരും രാമലക്ഷ്മണന്മാരും ഉറക്കം വിട്ടുണരും പോലെ എഴുന്നേറ്റിരുന്നു. കൊല്ലപ്പെട്ട രാക്ഷസന്മാരുടെ ശവശരീരങ്ങളെല്ലാം രാവണനിർദ്ദേശപ്രകാരം കടലിൽ ഒഴുക്കുക കാരണം അവർക്കതിന്റെ ഫലം കിട്ടിയതുമില്ല. ഫലസിദ്ധി ലഭിച്ചതോടെ കുന്നുമായി മാരുതി തിരികെപ്പോയി യഥാസ്ഥാനത്ത് അതു സ്ഥാപിച്ചു തിരികെ വന്നു.
വാനരപ്പട യുദ്ധതന്ത്രമൊന്നു മാറ്റി. പന്തവും കൊളുത്തി രാത്രിയിൽ ലങ്കയിലേക്ക് കടന്ന് ലങ്കാപുരി മുഴുവൻ തീവച്ചു കളഞ്ഞു. വീണ്ടും യുദ്ധം കനത്തു. നികുംഭൻ മകരാക്ഷൻ തുടങ്ങിയ ഉഗ്രന്മാരടക്കം നിരവധി രാക്ഷസന്മാർ മരിച്ചുവീണു. വീണ്ടും ഇന്ദ്രജിത്തിനെ രംഗത്തിറക്കാൻ രാവണൻ തീരുമാനിച്ചു. ഹോമം നടത്തിയ ശേഷം യുദ്ധക്കളത്തിലെത്തി മായാ യുദ്ധം തുടങ്ങി. എന്നിട്ടും രാമലക്ഷ്മണന്മാർക്ക് കൂസലില്ലെന്നു കണ്ട രാവണി മായാശക്തി കൊണ്ട് നീതയെ സൃഷ്ടിച്ച് യുദ്ധരംഗത്തു കൊണ്ടുവന്ന് തലയറുത്തു. അതു കണ്ട വാനരപ്പടയും രാമലക്ഷ്മണന്മാരും പടയിൽ നിന്നും പിൻ വാങ്ങി. വിഭീഷണനെത്തി രക്ഷസമായയാണിതെന്നും യുദ്ധം തുടരാനും നിർദ്ദേശിച്ചു.
രാമ ലക്ഷ്മണന്മാരെ പിന്തിരിപ്പിച്ച് നികുംഭിലയിൽ പോയി ഹോമം നടത്താനുള്ള തന്ത്രമാണിതെന്നും ഹോമ തടസ്സമുണ്ടായാൽ ഇന്ദ്രജിത്തിനെ വധിക്കാമെന്നും വിഭീഷണൻ അറിയിച്ചു. ഹോമം തടസ്സപ്പെടുത്താനെത്തിയ വിഭീഷണനടക്കമുള്ളവരെക്കണ്ട ഇന്ദ്രജിത്ത് ഇളയച്ഛനോട് കയർത്തു സംസാരിച്ചു. ഹോമം മുടക്കി വിജയഭേരി മുഴക്കി രാമലക്ഷ്മണന്മാരും വാനരന്മാരും പോർക്കളത്തിലെത്തി.
ഇന്ദ്രജിത്തും ലക്ഷ്മണനുമായി ഉഗ്രമായ പോരു തുടങ്ങി. ഇന്ദ്രജിത്തിന്റെ രഥം തകർന്നതോടെ നിമിഷ നേരം കൊണ്ട് തിരികെ പോയി രഥവുമായി വന്ന് യുദ്ധം തുടർന്നു. അവസാനം ലക്ഷ്മണന്റെ ശരമാരിയേറ്റ് ഇന്ദ്രജിത്ത് വീണു. ശ്രീരാമൻ സന്തോഷവാനായി. ദേഹമാസകലം മുറിവേറ്റ ലക്ഷ്മണനെ സുഷേണൻ ദിവ്യൗഷധങ്ങൾ നൽകി സുഖപ്പെടുത്തി.
മകന്റെ മരണവാർത്ത കേട്ട രാവണൻ മോഹാലസ്യപ്പെട്ടു വീണു. വളരെ നേരം കഴിഞ്ഞ് ബോധം വീണെഴുന്നേറ്റപ്പോൾ സംഹാരരുദ്രനായി മാറി. വാളുമായി സീതയെ കൊല്ലാനായി പുറപ്പെട്ടു. ആരെല്ലാം പറഞ്ഞിട്ടും കേൾക്കാതെ സീതാ സവിധത്തിലെത്തിയ രാവണനെ സുപാർശ്വൻ സമാധാനിപ്പിച്ചു. നാളെ യുദ്ധത്തിൽ രാമനെക്കൊന്ന് സീതയെ സ്വന്തമാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് പിന്തിരിപ്പിച്ചു.
തുടർന്നു നടന്ന യുദ്ധത്തിൽ വിരൂപാക്ഷനും മഹോദരനും സുപാർശ്വനുമൊക്കെ കൊല്ലപ്പെട്ടു. രാവണ രാക്ഷസൻ ഒടുങ്ങാത്ത പകയുമായി പോർക്കളത്തിലെത്തി സംഹാര താണ്ഡവം തുടങ്ങി. രാമലക്ഷ്മണന്മാർ രാവണനെതിരെ അതിശക്തമായി പോരാടി. വിഭീഷണനെ വധിക്കണമെന്ന് ആഗ്രഹിച്ച് നിരവധി അസ്ത്രങ്ങൾ ദശമുഖൻ പ്രയോഗിച്ചു. വിഭീഷണനെ രക്ഷിക്കാനെത്തിയ ലക്ഷ്മണനു നേരേ മായാസുരൻ നിർമ്മിച്ചു നൽകിയ ഒരു വേൽ പ്രയോഗിച്ചു. ലക്ഷ്മണന്റെ മാറിൽ തറച്ച വേൽ കൊണ്ട് സൗമിത്രി യുദ്ധക്കളത്തിൽ വീണു. ശ്രീരാമൻ വർദ്ധിത വീര്യത്തോടെ രാവണനെ നേരിട്ടു. രാവണൻ പിന്തിരിഞ്ഞോടി.
ഈ സമയം വൈദ്യനായ സുഷേണന്റെ നിർദ്ദേശപ്രകാരം വീണ്ടും ദിവ്യൗഷധങ്ങൾക്കായി കൈലാസത്തിലേക്ക് പോയി. കുന്നുമായി മടങ്ങി വന്നു. മരുന്നുകളെ തിരിച്ചറിയാവുന്ന സുഷേണൻ മരുന്നുകൾ പറിച്ചെടുത്ത് ലക്ഷ്മണന് നസ്യം ചെയ്തു. മരുന്നുകളടങ്ങിയ മലയുമായി മാരുതി മടങ്ങിപ്പോയി യഥാസ്ഥാനത്ത് സ്ഥാപിച്ച് തിരികെയെത്തി. തന്റെ ജീവന്റെ ജീവനായ സൗമിത്രിയെ രക്ഷിച്ചതിന് രാമൻ നന്ദി പറഞ്ഞു.
രഥാരൂഡനായി രാവണൻ തിരികെ വന്നതു കണ്ട ദേവേന്ദ്രൻ രാമനു വേണ്ടി രഥം അയച്ചുകൊടുത്തു. മാതലി തെളിക്കുന്ന തേരിൽക്കയറി നിന്നായി പിന്നീട് രാമന്റെ യുദ്ധം. രാവണന് ക്ഷീണം നേരിട്ടതു കണ്ട സാരഥി രഥവുമായി മടങ്ങിപ്പോയി. ക്ഷീണം മാറിയ രാവണൻ സൂതനോട് കയർത്തു.
ഇതിനിടയിൽ അഗസ്ത്യമഹർഷി രാമനടുത്തെത്തി ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ചു കൊടുത്തു.
ഉത്തമരഥങ്ങളിച്ചിരുന്നു കൊണ്ട് രാമനും രാവണനും യുദ്ധം തുടർന്നു. ദിവ്യായുധങ്ങൾ പരസ്പരം പ്രയോഗിച്ച് നടന്ന യുദ്ധം പരിസമാപ്തിയിലേക്ക് എത്തുകയാണ്. ബ്രഹ്മാസ്ത്രം പ്രയോഗിച്ച് രാവണനെ രാമൻ വീഴ്‌ത്തുക തന്നെ ചെയ്തു. വാനരപ്പട ആഹ്ളാദാരവങ്ങൾ പുറപ്പെടുവിച്ചു.
സ്വസഹോദരൻ വീണതോടെ വിഭീഷണൻ സന്തോഷിച്ചെങ്കിലും ജ്യേഷ്ഠന്റെ ദാരുണമായ കിടപ്പുകണ്ട് ദീനമായി വിലപിക്കാൻ തുടങ്ങി. രാവണന്റെ നിര്യാണ വാർത്തയറിഞ്ഞ രാജകൊട്ടാരത്തിൽ അലമുറ തുടങ്ങി. ഒരു യുദ്ധത്തിലും പരാജിതനാകാത്ത രാവണന്റെ ഗതിയോർത്ത് അവർ വിലപിച്ചുതുടങ്ങി. രാവണന് യോജ്യമായ സംസ്ക്കാര ശുശ്രൂഷ നൽകുവാൻ രാമൻ നിർദ്ദേശിച്ചു. വിഭീഷണനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത്.
ശവസംസ്ക്കാരം കഴിഞ്ഞ് വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്യാൻ ലക്ഷ്മണനെ ശ്രീരാമൻ ചുമതലപ്പെടുത്തി.
ധർമ്മത്തിനാണ് ആത്യന്തിക വിജയമെന്ന് തെളിയിച്ചു കൊണ്ട് യുദ്ധകാണ്ഡം 62-)o സർഗ്ഗം അവസാനിക്കുമ്പോൾ സീതാ സംഗമവും, രാമന്റെ മടക്കയാത്രയും ഭരതനുമായുള്ള സംഗമവും രാമാഭിഷേകവുമായി തുടരുന്നു.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments